പയ്യോളി: വെള്ളത്തിന് നിറവ്യത്യാസം, മത്സ്യങ്ങൾ ചത്തുപൊന്തുന്നു, പ്രദേശത്തെ മലീമസമാക്കി അളിഞ്ഞു നാറുന്ന പുഴ. ഇത് കോട്ടപ്പുഴയുടെ ദുരിത കഥ. കൊളാവിപ്പാലം, അയനിക്കാട് നിവാസികൾ അനുഭവിച്ചു പോരുന്ന പ്രയാസത്തിൻ്റെ നേർസാക്ഷ്യം. കോട്ടപ്പുഴയുടെ തെക്ക് ഭാഗത്താണ് പകർച്ചവ്യാധികൾക്ക് പോലും കാരണമായേക്കാവുന്ന രീതിയിൽ പുഴ മലിനമാവുന്നത്.
പുഴ ഒരു പ്രദേശത്തിൻ്റെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് നാളുകളായി. പുഴയുടെ ചീർപ്പ് അടച്ചത് കാരണം കെട്ടി നിൽക്കുന്ന ജലമാണ് വില്ലനാകുന്നത്. കെട്ടി നിൽക്കുന്ന വെള്ളം മലിനമാവുകയാണ്. മലിനമാവുന്നതിനനുസരിച്ച് വെള്ളത്തിൻ്റെ നിറവും മാറിക്കൊണ്ടേയിരിക്കുന്നു. അസഹനീയമായ ദുർഗന്ധം വമിക്കുന്നുണ്ട്.
മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തുകയാണ്. വെള്ളം മലിനമാവുന്നതോടെ പുഴയുടെ ഇരുകരകളിലുമുള്ള വീടുകളിലെ കിണറുകളും ഉപയോഗശൂന്യമാവും. പുഴ മത്സ്യം പിടിച്ച് ഉപജീവനം കഴിക്കുന്ന മത്സ്യത്തൊഴിലാളികളും ബുദ്ധിമുട്ടിലാണ്. പുഴ വെള്ളത്തിലിറങ്ങിയാൽ ചൊറിച്ചിൽ വരുന്നുണ്ടെന്ന് ചിലർ പറയുന്നു.
പുഴയിലേക്കും പാടശേഖരത്തിലേക്കും ഉപ്പുവെള്ളം കയറുന്നത് തടയാനായാണ് ചീർപ്പ് അടച്ചു വെക്കുന്നത്. എന്നാലിത് ദുരിതമായി മാറുകയാണ്. ഒക്ടോബർ മാസമാവുമ്പോഴേക്ക് അടയ്ക്കുകയും മഴ ശക്തി പ്രാപിക്കുന്ന ജൂൺ മാസമാവുമ്പോഴേക്ക് തുറക്കുകയുമാണ് ചെയ്യുക.എന്നാൽ കോട്ടക്കൽ അഴിമുഖത്ത് മണൽ വീണ് ഒഴുക്ക് നിലച്ചതോടെയാണ് പുഴ മലിനമാവാൻ തുടങ്ങിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പുഴ മലിനമാവുകയും ദുർഗന്ധ വാഹിനിയാവുകയും ചെയ്തതോടെ കൊളാവിപ്പാലം, അയനിക്കാട് പ്രദേശവാസികൾ രോഗഭീതിയിലാണ്.
Discussion about this post