പയ്യോളി: കോട്ടക്കടപ്പുറം ശ്മശാനം നവീകരണം ഉടൻ ആരംഭിക്കുമെന്ന് എം എൽ എ കാനത്തിൽ ജമീല പയ്യോളി വാർത്തകളോട് പറഞ്ഞു. രണ്ടു കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. ശ്മശാന ഭീകരത തോന്നിക്കാത്ത രീതിയിലുള്ള നിർമാണമാണ് ഉദ്ദേശിക്കുന്നത്.
ആദ്യഘട്ടമെന്ന നിലയിൽ ഗ്യാസ് (വാതകം) ഉപയോഗിച്ച്, ഗന്ധം പുറത്തേക്ക് പോകാത്ത സംവിധാനങ്ങളുള്ള ചൂളയാണ് നടപ്പിൽ വരുത്തുക. സംസ്കാര കർമ്മങ്ങൾ ചെയ്യാനുള്ള സൗകര്യങ്ങളും, പൂന്തോട്ടം, ഇരിപ്പിടങ്ങൾ എന്നിവ നവീകരണത്തിൻ്റെ ഭാഗമായി ഒരുക്കുമെന്നും എം എൽ എ പറഞ്ഞു.
കോട്ടക്കടപ്പുറം ശ്മശാന നവീകരണത്തിൻ്റെ ഭാഗമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരോടുമൊപ്പം സ്ഥലം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു എം എൽ എ. പയ്യോളി നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ, എം എൽ എ യോടൊപ്പമുണ്ടായിരുന്നു.
കോട്ടക്കടപ്പുറം ശ്മശാന നവീകരണം ഏത് രീതിയിലാവണം എന്നതിനെ കുറിച്ചുള്ള വിശദമായ പഠനത്തിനായാണ് എഞ്ചിനീയർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ജനപ്രതിനിധികളും എത്തിയത്. പയ്യോളി, കൊയിലാണ്ടി നഗരസഭകളിൽ വാതക ശ്മശാനത്തിനായി രണ്ടു കോടി രൂപ വീതം സംസ്ഥാന ബജറ്റിൽ വകയിരുത്തിയതായി എം എൽ എ നേരത്തേ അറിയിച്ചിരുന്നു. പയ്യോളിയിൽ ശ്മശാനത്തിനുള്ള സ്ഥലസൗകര്യം നേരത്തേയുണ്ട്.
ഇവിടെ മറ്റ് സൗകര്യങ്ങൾ ഒരുക്കി ആധുനികവൽക്കരിക്കുകയാണ് ചെയ്യുന്നതെന്നും ശ്മശാനത്തിനോട് ചേർന്ന് എം ആർ എഫ് കേന്ദ്രത്തിൻ്റെ നിർമാണം പുരോഗമിക്കുകയാണെന്നും നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ പറഞ്ഞു.
ഉദ്യോഗസ്ഥരായ എൽ എസ് ജി ഡി എക്സി. എഞ്ചിനീയർ ചന്ദ്രൻ, അസി.എക്സി.എഞ്ചിനീയർ പി ജി സൂരജ്, നഗരസഭ അസി. എഞ്ചിനീയർ രാജി മോൾ എസ് രാജു എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘമാണ് സ്ഥലപരിശോധന നടത്തിയത്.
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ വി കെ അബ്ദുറഹിമാൻ , നഗരസഭാംഗം ടി എം നിഷ ഗിരീഷ്, ചെറിയാവി സുരേഷ് ബാബു, വി കേളപ്പൻ, സി ടി അബ്ദു റഹിമാൻ, രഞ്ജിത്ത് ലാൽ കൊളാവിപ്പാലം എന്നിവരും നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നു.
Discussion about this post