കൊല്ലം: സ്കൂളിൽ നിന്നും പുറത്ത് പോയത് വീട്ടിലറിഞ്ഞതിൽ മനംനൊന്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടവട്ടം നീലിമ ഭവനിൽ ഷാൻ കുമാറിന്റെയും ഉഷയുടെയും മകളും പവിത്രേശ്വരം കെ എൻ എൻ എം വി എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ നീലിമയാണ് (15) മരിച്ചത്. മാതാപിതാക്കളുടെ കൺമുന്നിലാണ് പെൺകുട്ടി കിണറ്റിൽ ചാടിയത്.
സുഹൃത്തുക്കൾക്കൊപ്പം സ്കൂളിനു പുറത്ത് പോയ കാര്യം വീട്ടിലറിഞ്ഞതിനെ തുടർന്നുളള മനോവിഷമത്തിലാണ് നീലിമയുടെ ആത്മഹത്യയെന്നാണ് സൂചന. സ്കൂൾ വാർഷിക ദിനമായതിനാൽ പത്താം ക്ലാസ് വിദ്യാർത്ഥികൾ വരേണ്ടതില്ല എന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ നീലിമ പതിവ് പോലെ സ്കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി. ക്ഷേത്ര പരിസരത്ത് വച്ച് വിദ്യാർത്ഥികളെ നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ഇവർ ഇക്കാര്യം സ്കൂളിലറിയിച്ചു.
തുടർന്ന് മാതാപിതാക്കളെ സ്കൂളിലേക്ക് വിളിപ്പിച്ചു. മാതാപിതാക്കൾക്കൊപ്പമാണ് നീലിമ വീട്ടിലേക്ക് മടങ്ങിയത്. ഓട്ടോയിൽ നിന്ന് ഇറങ്ങി മാതാപിതാക്കളുടെ മുന്നേ നടന്ന പെൺകുട്ടി വീടിനടുത്തുള്ള സുരക്ഷാ മതിലില്ലാത്ത കിണറ്റിലേക്ക് ചാടുകയായിരുന്നു. അഗ്നിശമനസേനയെത്തി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post