പയ്യോളി: ഈറ്റില്ലത്തിൽ മുട്ടയിടാൻ ഒരുവർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കടലാമയെത്തി. കഴിഞ്ഞ ദിവസം രാത്രി 9ന് സാൻഡ്ബാങ്ക്സിനു സമീപം തീരത്ത് ആളുകൾ കൂടി നിൽക്കുന്നത് ശ്രദ്ധയിൽപെട്ട വടകര കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഓഫിസർ മോനി കിഷോർ നോക്കിയപ്പോ ഴാണ് ആമ മുട്ടയിടാൻ കുഴിയെടുക്കുന്നത് ശ്രദ്ധയിൽ പെട്ടത്. വിവരമറിയിച്ചതിനെ തുടർന്ന് എസ് ഐ പി എം അഹമ്മദ് കബീർ, കോസ്റ്റൽ വാർഡൻ ഷേജർലി എന്നിവരെത്തി ആളുകളെ മാറ്റി സൗകര്യമൊരുക്കി
കടലാമ സംരക്ഷകരായ തീരം പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു.

കെ.സുരേന്ദ്ര ബാബു, സി. സതീശൻ എന്നിവരെത്തി ഇവിടെയുണ്ടായിരുന്ന 126 മുട്ടകൾ ശേഖരിച്ച് കൊളാവിപ്പാലം തീരത്തെ ഹാച്ചറിയിൽ എത്തിച്ചു. 45 ദിവസം മുതൽ 60 ദിവസമാണ് സൂര്യതാപത്തിൻ്റെ സഹായത്തിൽ മുട്ട വിരിയാനെടുക്കുക. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ എങ്ങനെ തിരിച്ചുവച്ചാലും കടലിന്റെ ഭാഗത്തേക്കു മാത്രമാണ് യാത്രയാവുക
ഈ വിഭാഗത്തിലെ പ്രായ പൂർത്തിയായ ഒരാമയ്ക്ക് ഒരു മീറ്റർ നീളവും 80 കിലോ ഭാര വും ഉണ്ടാകും. വിരിഞ്ഞിറങ്ങു ന്ന കുഞ്ഞിന് 50 ഗ്രാം ഭാരവും 5 സെന്റീമീറ്റർ നീളവുമാണ് ഉണ്ടാവുക. ഓഗസ്റ്റ് മുതൽ മാർച്ച് വരെയാണ് ആമകൾ മുട്ടയിടാൻ കടൽ താണ്ടി ഇവിടെയെ ത്തുന്നത്. ലോകത്തുള്ള 8 തരം കടലാമകളിൽ ഏറ്റവും ചെറുതായ “ഒലിവ് റിഡ് ലി’ വിഭാഗത്തിൽപെട്ട ആമകളാണ് പതിവായി എത്തിയിരുന്നത്. സീസണിൽ 65 ആമകൾ വരെ എത്തിയിരുന്നു.

അനിയന്ത്രിതമായ മണലെടുപ്പും തുടർന്നുണ്ടായ കടലാക്രമണവും തീരത്തെ മാറ്റി മറിച്ചു. കടൽഭിത്തി കൂടി വന്നതോടെ തീരം ഇല്ലാതായി. അതോടെ ആമകളുടെ വരവു കുറഞ്ഞു. തീരം പ്രവർത്തകർക്ക് നൽ കിയിരുന്ന ദിവസ വേതനവും നിലച്ചതോടെ കടലാമ സംരക്ഷണ കേന്ദ്രം അടച്ചു പൂട്ടുകയും ചെയ്തു.
Discussion about this post