കൊടുങ്ങല്ലൂർ: ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പൗരാണികവും നൂറ്റാണ്ടുകൾ പഴക്കമുള്ളതുമായ ആൽമരം നീക്കം ചെയ്തു. നിലപാടുതറയിലെ ദൈവിക ചൈതന്യമുണ്ടെന്ന് വിശ്വസിക്കുന്ന ആൽമരമാണ് നീക്കം ചെയ്തത്. കാലപ്പഴക്കം കാരണം നിലംപൊത്താനും അപകടമുണ്ടാവാനും സാധ്യതയുള്ളതിനാലാണ് ആൽമരമുത്തശ്ശിയെ താന്ത്രികമായ ചടങ്ങുകളോടെ വെള്ളിയാഴ്ച മുറിച്ചു മാറ്റിയത്.
ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭരണിയോടനുബന്ധിച്ച് നടക്കുന്ന കാവുതീണ്ടലിന് കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ ഉപവിഷ്ഠനാകുന്നതും കോയ്മ പട്ടുകുട ഉയർത്തുന്നതും ഈ നിലപാടുതറയിലാണ്. വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിലെ പന്തീരടി പൂജ കഴിഞ്ഞ് അനുജ്ഞ വാങ്ങി കിഴക്കെ നടയിലെ നിലപാടുതറയിലെ ആൽമരചുവട്ടിൽ വിഷ്ണു പൂജ നടന്നു. കിഴക്കെ നടയിൽ നടപ്പുരയിൽ വെച്ച് ആലിനെ പ്രതീകാത്മാകമായി സംസ്കരിച്ചു.
താമരശ്ശേരി മേയ്ക്കാട്ട് മനയിൽ ശ്രീജിത്ത് നമ്പൂതിരിപ്പാട്, കിഴക്കിനി മേയ്ക്കാട്ട് നാരായണൻ നമ്പൂതിരിപ്പാട് എന്നിവർ താന്ത്രിക ചടങ്ങുകൾക്ക് നേതൃത്വം നൽകി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി നന്ദകുമാർ, മെംബർ എം ജി നാരായൺ, ദേവസ്വം അസിസ്റ്റന്റ് കമീഷണർ സുനിൽ കർത്ത, ദേവസ്വം മാനേജർ എം ആർ മിനി എന്നിവർ പങ്കെടുത്തു.
Discussion about this post