തിരുവനന്തപുരം: മുഖ്യമന്ത്രി എവിടെപ്പോകുന്നു എന്ന് രാഷ്ട്രീയ നേതൃത്വത്തെ അറിയിക്കേണ്ടതില്ല. ഗവർണറെ കാണാൻ പോകുന്നതടക്കം മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ പോയത് രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
സിപിഐയ്ക്ക് അവരുടെ നിലപാടുണ്ട്. സിപിഐയുമായി ചർച്ച ചെയ്യേണ്ട പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്യും. സിപിഐ മുൻപും ഭിന്നാഭിപ്രായം പറഞ്ഞിട്ടുണ്ട്. അപ്പോഴും യോജിച്ചുതന്നെയാണ് നീങ്ങിയിട്ടുള്ളത്. നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സർക്കാർ ഒരുവിധത്തിലും ഗവർണർക്ക് വഴങ്ങിയിട്ടില്ല. ഗവർണർക്ക് വഴങ്ങിയെന്നത് ചില മാധ്യമങ്ങളുടെ പ്രചാരണമാണ്. മുഖ്യമന്ത്രിയും ഗവർണറും പരസ്പരം ആശയവിനിമയം നടത്തേണ്ടവരാണ്.
മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന്റെ പെൻഷൻ തുടരും. പഴ്സനൽ സ്റ്റാഫിന് പെൻഷൻ നൽകുന്ന വ്യവസ്ഥ ആരുപറഞ്ഞാലും മാറ്റില്ല. യുഡിഎഫ് തുടങ്ങിയ കാര്യം എൽഡിഎഫും തുടർന്നു. കാലങ്ങളായി നടക്കുന്ന കാര്യമാണിത്. ഗവർണർ സർക്കാരിനോട് വസ്തുതകൾ ചോദിച്ചാൽ തെറ്റില്ല. അല്ലാതെയുള്ള ഇടപെടൽ അംഗീകരിക്കില്ല.
സ്റ്റാഫ് നിയമനത്തിലെ വ്യവസ്ഥകൾ ഗവർണർക്ക് പുതിയതായി തോന്നിയിരിക്കാം. ഗവർണറുടെ സ്റ്റാഫിനെ ഗവർണറും മന്ത്രിമാരുടെ സ്റ്റാഫിനെ മന്ത്രിമാരുമാണ് തീരുമാനിക്കുന്നത്. ഗവർണർക്ക് ഭരണഘടനാ ബാധ്യത നിറവേറ്റാൻ ഒരു തടസ്സവുമില്ല. ഭരണപരമായ കാര്യങ്ങളിൽ സർക്കാരിന്റേതാണ് അന്തിമ തീരുമാനം.
പാർട്ടി പരിപാടിയിൽ തന്നെ പറയുന്നത് ഗവർണർ പദവി വേണ്ട എന്നാണ്. എന്നാൽ ഫെഡറൽ സംവിധാനത്തിൽ രാജ്യത്ത് ഗവർണർ പദവിയുണ്ട്. അതുകൊണ്ട് അതിനനുസരിച്ച് മുന്നോട്ടുപോകുന്നു. ഗവർണറും സർക്കാരും സംഘർഷത്തിൽ നിൽക്കേണ്ട സ്ഥാപനങ്ങളല്ല. യോജിച്ച് പോകേണ്ടവയാണ്. ഗവർണർ വിശദീകരണം ചോദിക്കുകയും പിന്നീട് തിരുത്തുകയും ചെയ്യും. രണ്ടും തമ്മിൽ യുദ്ധമേഖലയാക്കാൻ ഉദ്ദേശിക്കുന്നില്ല. ഗവർണറുടെ നിലപാട് എന്താണെന്ന് സമൂഹത്തിന് മനസ്സിലായിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
Discussion about this post