കോഴിക്കോട്: വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന് പരാതി നല്‍കി എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. സിപിഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലായിരുന്നു കോടിയേരിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം. സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ 50 ശതമാനം വനിതാ സംവരണം ഉണ്ടാകുമോ എന്ന് ചോദിച്ച മാധ്യമങ്ങളോട്, നിങ്ങള്‍ ഈ പാര്‍ട്ടി കമ്മിറ്റിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണോ എന്നായിരുന്നു കോടിയേരി നല്‍കിയ മറുപടി. ഇതിനെതിരെയാണ് തഹ്ലിയ പരാതി നല്‍കിയിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും പരാതിയില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ച് വലിയ വായയില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് ഉല്‍ബോധനം നല്‍കാറുള്ള സിപിഎമ്മിന്റെ 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ആകെയുള്ളത് ഒരു വനിതാ അംഗമാണെന്നും ഫാത്തിമ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചിട്ടുണ്ട്. സ്ത്രീ പ്രാതിനിധ്യം കൂടിയാല്‍ പാര്‍ട്ടി നശിച്ചു പോകുമെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്ന കോടിയേരി ബാലകൃഷ്ണനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തിട്ടുണ്ട്. സ്ത്രീ വിമോചനത്തെ കുറിച്ച് ക്ലാസെടുക്കാന്‍ ഇനിയും വരില്ലേ ഈ വഴിയെന്നും ഫാത്തിമ തഹ്ലിയ പോസ്റ്റില്‍ പരിഹസിച്ചിട്ടുണ്ട്.
Discussion about this post