തിക്കോടി : കോടിക്കൽ കടപ്പുറത്ത് മത്സ്യബന്ധനത്തിന് അനുയോജ്യമായ മിനി ഹാർബർ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് തിക്കോടിക്കാരായ പ്രവാസികളുടെ സംഘടനയായ ‘ഗ്ലോബൽ തിക്കോടിയൻസ് ഫോറം’ (ജി ടി എഫ്) ആവശ്യപ്പെട്ടു. തിക്കോടി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നദീർതിക്കോടി, ഗ്ലോബൽ കമ്മിറ്റിയംഗം സഹദ് പുറക്കാട്, എക്സിക്യൂട്ടീവ് അംഗങ്ങളായ ചന്ദ്രൻതിക്കോടി, നാസർ പള്ളിക്കര, ഈ വിഎസ് ബാബു. തിക്കോടി, മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് മാർക്ക് നിവേദനം നൽകി.
ഉപജീവന മാർഗ്ഗമായി കടലിനെ ആശ്രയിക്കുന്ന തിക്കോടി ബീച്ചിലെയും കൊയിലാണ്ടി ഏഴുകുടിക്കൽ മുതൽ ഇരിങ്ങൽ അഴിത്തല വരെയുമുള്ള പ്രദേശങ്ങളിലേയും ആയിരത്തിൽപരം ആളുകൾക്ക് തിക്കോടി മിനി ഹാർബർ പതിറ്റാണ്ടുകൾ നീളുന്ന സ്വപ്നം മാത്രമായി ഇപ്പോഴും തുടരുകയാണ്. ഇതിനു വേണ്ടി 150 മീറ്റർ നീളത്തിൽ ഇവിടെ പുളിമൂട്ട് സ്ഥാപിക്കപ്പെടുകയും അപ്രോച്ച് റോഡ് സ്ഥാപിക്കുകയും 65 സെൻ്റ് സ്ഥലം അക്വയർ ചെയ്ത് വെക്കുകയും ചെയ്തിട്ടുണ്ട്. വീടുകളൊന്നും ഒഴിപ്പിക്കുകയോ പ്രത്യേകമായി കൂടുതൽ സ്ഥലം എടുക്കേണ്ടതായോ ഉള്ള ആവശ്യം ഇവിടെ വരുന്നില്ല.
തിക്കോടി – മൂടാടി – പയ്യോളി പ്രദേശങ്ങളിലെ പ്രാദേശിക സാമ്പത്തിക-വികസനത്തിന് നിർണ്ണായകമായ സംഭാവന ചെയ്യാൻ കഴിയുമെന്ന് ഉറപ്പുള്ള മിനി ഹാർബർ (ഫിഷ് ലാൻ്റിംഗ് സെൻ്റർ) യാഥാർത്ഥ്യമാക്കുന്നതിന് സാങ്കേതിക തടസ്സം അനുകൂലമായ പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ട് ലഭിക്കാത്തതാണ് എന്നാണ് പറയപ്പെടുന്നത്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതരുടെ അടിയന്തിര ശ്രദ്ധ പതിക്കണമെന്നും സത്വര നടപടികൾ സ്വീകരിച്ച് തിക്കോടി കോടിക്കൽ മിനി ഹാർബറും ഫിഷ് ലാൻ്റിംഗ് സെൻ്ററും യാഥാർത്ഥ്യമാക്കണമെന്നും ‘ഗ്ലോബൽ തിക്കോടിയൻസ് ഫോറം’ (ജി.ടി.എഫ്.) അധികൃതർക്ക് നൽകി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.





































Discussion about this post