തൃശൂര്‍: കൊച്ചി മെട്രോ നിര്‍മ്മാണത്തില്‍ പിശകുപറ്റിറിയിട്ടുണ്ടെന്ന് മെട്രോമാന് ഇ ശ്രീധരന്. പത്തടിപ്പാലത്ത് കൊച്ചി മെട്രോ പാളത്തിലെ ചരിവ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് നല്കിയ മറുപടിയിലാണ് ഇ ശ്രീധരന് നിര്‍മ്മാണത്തില്‍ പിശകു സംഭവിച്ചുവെന്ന് സമ്മതിച്ചത്.
പാളത്തിലെ ചരിവിന്റെ കാരണം തൂണിന്റെ പൈലിംഗ് ഭൂമിക്കടിയിലെ പാറയില്‍ തൊട്ടിട്ടില്ലെന്നാണെന്ന് ജിയോ ടെക്നിക്കല്‍ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് കെ എം ആര് എല്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. തൂണിന്റെ അടിത്തറ ബലപ്പെടുത്താനുള്ള നടപടികള്‍ അടുത്ത ആഴ്ച മുതല്‍ ആരംഭിക്കുമെന്നാണ് അറിയിച്ചത്.
പത്തടിപ്പാലത്തെ 347-ാം നമ്പര്‍ പില്ലറിന്റെ നിര്‍മ്മാണത്തിലെ വീഴ്ച ഡി എം ആര് സി പരിശോധിക്കും. എങ്ങനെ പിശകുവന്നെന്ന് വ്യക്തമല്ലെന്നും ശ്രീധരന് കൂട്ടിച്ചേര്‍ത്തു. അതിനിടെ, പത്തടിപ്പാലത്തെ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ അടുത്ത ആഴ്ച ആദ്യം ആരംഭിക്കും.തൂണിന് അധിക പൈലുകള്‍ സ്ഥാപിച്ചുകൊണ്ടാണ് ബലപ്പെടുത്തുന്നത്. ഡി എം ആര് സി, എല്‍ ആന്‍ഡ് ടി, എയ്ജിസ്, കെ എം ആര് എല്‍ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ ആരംഭിക്കുന്നത്. എല്‍ ആന്‍ഡ് ടിക്കാണ് നിര്‍മാണ ചുമതല.
ഒരു മാസം മുമ്പാണ് മെട്രോ പാളത്തിന് ചരിവ് ഉള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് ഡിഎംആര്‍സിയുടെ മുഖ്യഉപദേശകനായിരുന്ന ഇ ശ്രീധരന് അടക്കമുളള വിദഗ്ദര്‍ പരിശോധന നടത്തിയിരുന്നു. നിലവില്‍ പൈലിനും പൈല് ക്യാപ്പിനും തകരാറില്ല. പാളത്തിന്റെ അലൈന്മെന്റില് നേരിയ വ്യത്യാസങ്ങള്‍ ഉള്ളതായി വ്യക്തമായിരുന്നു. ചരിവ് കണ്ടതിനെ തുടര്‍ന്ന് മെട്രോ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
Discussion about this post