കൊച്ചി: ഹോട്ടലിൽ മുറിയെടുത്ത് ലഹരിക്കച്ചവടം നടത്തുന്നതിനിടെ യുവതിയുൾപ്പെട്ട എട്ടംഗ സംഘം പിടിയിലായി. 56 ഗ്രാം എം.ഡി.എം.എയും മൂന്ന് വാഹനങ്ങളും പത്തോളം മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. പിടിയിലായവരിൽ കൊലക്കേസ് പ്രതികളും വിദേശത്ത് ലഹരിക്കേസിൽ ശിക്ഷിക്കപ്പെട്ടവരുമുണ്ട്.
ആലുവ സ്വദേശി റിച്ചു റഹ്മാൻ (30), മലപ്പുറം സ്വദേശി മുഹമ്മദ് അലി (32), തൃശൂർ സ്വദേശി വിബീഷ് (32), കണ്ണൂർ സ്വദേശി സൽമാൻ (26), കൊല്ലം സ്വദേശികളായ ഷിബു (37), സുബൈർ (29), തൻസീല (24), ആലപ്പുഴ സ്വദേശി ശരത് (33) എന്നിവരാണ് എക്സൈസ് ആന്റി നാർക്കോട്ടിക്സ് വിഭാഗവും കസ്റ്റംസ് പ്രിവിന്റീവ് വിഭാഗവും സംയുക്തമായി നടത്തിയ ദൗത്യത്തിൽ കുടുങ്ങിയത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപത്തെ ഗ്രാൻഡ് കാസ ഇൻ ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് സംഘം വലയിലായത്.
മയക്കുമരുന്ന് വില്പനയ്ക്കായി 15 ദിവസത്തോളം ഹോട്ടലിൽ രണ്ട് മുറിയെടുത്ത് തമ്പടിച്ച നാലുപേരും കൊല്ലത്ത് നിന്ന് മയക്കുമരുന്ന് വാങ്ങാനെത്തിയ സ്ത്രീയുൾപ്പെടുന്ന നാലുപേരുമാണ് പിടിയിലായത്. റിച്ചു റഹ്മാൻ, മുഹമ്മദ് അലി, വിബീഷ്, സൽമാൻ എന്നിവരാണ് ലഹരിയിടപാട് നിയന്ത്രിച്ചിരുന്നത്. ബംഗളൂരുവിലെ ആഫ്രിക്കൻ വംശജരിൽനിന്നാണ് ഇവർ എം.ഡി.എം.എ ശേഖരിച്ചതെന്നാണ് മൊഴി. ഇവരിൽ നിന്ന് ലഹരി വാങ്ങാനാണ് കൊല്ലത്ത് നിന്ന് യുവതിയടക്കമുള്ള മൂന്നംഗ സംഘം പുലർച്ചെ മൂന്ന് മണിക്ക് ഹോട്ടലിൽ എത്തിയത്. ലഹരിക്കച്ചവടം നടത്തിയിരുന്ന സംഘവുമായി ഏറെ നാളായി ലഹരി ഇടപാട് നടത്തിയിരുന്നവരാണ് ഇവരെന്നാണ് നിഗമനം. മുന്തിയ ഹോട്ടലുകളിൽ മുറിയെടുത്തായിരുന്നു ഇടപാടുകൾ. രണ്ടു സംഘങ്ങളും ഉപയോഗിച്ചിരുന്ന കാറുകളാണ് കസ്റ്റഡിയിലെടുത്തത്.
വിദേശത്ത് ജോലി ചെയ്യുന്നവരാണ് മിക്കവരും. അവിടെ വച്ചുള്ള പരിചയത്തിലാണ് മയക്കുമരുന്ന് വില്പനയിലേക്ക് കടന്നതെന്നാണ് അറിയുന്നത്. ഓൺലൈൻ സൈറ്റുകൾ വഴിയാണ് ഇവർ ഹോട്ടൽ റൂമുകൾ ബുക്ക് ചെയ്തത്. എക്സൈസിനും കസ്റ്റംസിനും ലഹരി ഇടപാടിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചിരുന്നു. ഇവരും മുറി എടുത്ത് മയക്കുമരുന്ന് സംഘത്തിന്റെ നീക്കം നിരീക്ഷിച്ചുവരികയായിരുന്നു. പരിശോധനയ്ക്കിടെയാണ് യുവതിയടങ്ങുന്ന സംഘം റൂമിലേക്ക് എത്തിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് കോടതിയിൽ ഹാജരാക്കും.
Discussion about this post