കൊച്ചി: വിദേശത്തു നിന്നും സംസ്ഥാനത്തേക്ക് വന്‍ തോതില്‍ ലഹരിമരുന്നുകള്‍ എത്തുന്നുവെന്ന വിവരത്തെ തുടർന്ന് കൊച്ചിയിലെ ഫോറിൻ പാഴ്സൽ സെന്‍ററിൽ നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നുകൾ പിടികൂടി. 82 എല്‍എസ്ഡി സ്റ്റാമ്പുകള്‍ അടങ്ങിയ ഒരു പാക്കറ്റും അഞ്ചെണ്ണം വീതമുള 2 കവറുകളുമാണ് കണ്ടെടുത്തിട്ടുള്ളത്. ഒരു പാഴ്സൽ നെതര്‍ലൻഡില്‍ നിന്നും മറ്റൊരെണ്ണം ഒമാനില്‍ നിന്നുമാണ് വന്നത്. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികള്‍ക്കായാണ് ഈ പാഴ്‌സല്‍ എത്തിയിട്ടുള്ളത്.
സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡ് സി ഐ ടി അനികുമാറിനു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നുകൾ കണ്ടെത്തിയത്. കൊച്ചിയില്‍ കച്ചേരിപ്പടിക്ക് അടുത്തുള്ള ഒരു ഫോറിന്‍ പാഴ്‌സല്‍ സര്‍വീസ് സെന്‍ററിലേക്ക് വന്ന രണ്ടു പാഴ്‌സലുകളെക്കുറിച്ച് സ്ഥാപത്തിന് സംശയം ഉണ്ടെന്ന് എക്‌സൈസിനെ അറിയിക്കുകയായിരുന്നു.
പാഴ്‌സലുകള്‍ കസ്റ്റഡിയില്‍ എടുത്ത് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. കൊച്ചി എക്‌സൈസ് അധികൃതര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട് സ്വദേശി ഫസലിനെ മാങ്കാവിലെ വീട്ടില്‍ നിന്ന് പിടികൂടി.
Discussion about this post