കൊച്ചി: ലൈംഗികാതിക്രമ കേസ് നേരിടുന്ന ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റായ അനീസ് അൻസാരിക്കെതിരെ നാലാമത് കേസ് കൂടി രജിസ്റ്റർ ചെയ്ത് പൊലീസ്. ഓസ്ട്രേലിയയിൽ താമസിക്കുന്ന വിദേശ മലയാളി യുവതി നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിവാഹദിനത്തിൽ മേക്കപ്പിന് വന്ന അനീസ് മോശമായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. വിവാഹദിനമാണ് ഇത് സംഭവിച്ചതെന്നതിനാൽ തനിക്ക് പ്രതികരിക്കാനോ, ആരോടെങ്കിലും പറയാനോ കഴിഞ്ഞില്ലെന്ന് പരാതിയിൽ യുവതി പറയുന്നു.
.
അനീസിനെതിരെ മീടു ആരോപണങ്ങളുമായി യുവതികൾ എത്തിയതോടെയാണ്, ഓസ്ട്രേലിയയിൽ താമസിക്കുന്ന യുവതിയും ഇമെയിൽ വഴി പരാതി നൽകിയത്. ആദ്യം നൽകിയ പരാതി സൈൻഡ് കോപ്പിയല്ലാത്തതിനാൽ കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു പൊലീസ് അറിയിച്ചത്. തുടർന്ന് യുവതി ഇത്തരത്തിൽ പരാതി പൊലീസ് കമ്മീഷണർക്ക് നൽകുകയും പൊലീസ് പരാതി പരിശോധിച്ച് യുവതിയുമായി സംസാരിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അനീസിനെതിരെ നാലാമത് കേസെടുത്തത്. എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയായ അനീസിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾ ദുബായിലേക്ക് കടന്നെന്ന് അഭ്യൂഹം പരന്നെങ്കിലും വീട്ടിൽ നടത്തിയ തിരച്ചിലിൽ പാസ്പോർട്ട് കണ്ടെത്തി. ഇതോടെ വിദേശത്തേക്ക് പോയിട്ടില്ലെന്ന് വ്യക്തമായി.
Discussion about this post