കൊച്ചി: പീഡന പരാതിയിൽ പോലീസ് അന്വേഷിക്കുന്ന മേക്കപ്പ് മാൻ രാജ്യം വിട്ടതായി സൂചനയെന്ന് പോലീസ്. സിനിമാ നടീനടന്മാർ ഉൾപ്പെടെയുള്ള പ്രമുഖരുടെ മേക്കപ്പ്മാനെതിരെയുള്ള പീഡന പരാതിയിൽ കൊച്ചി സിറ്റി പൊലീസ് മൂന്ന് കേസുകളാണെടുത്തത്. എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയും ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റുമായ അനീസ് അൻസാരിക്കെതിരെയാണ് കേസ്. സാമൂഹിക മാദ്ധ്യമങ്ങളിൽ മീടൂ ആരോപണം ഉയർന്നതിന് പിന്നാലെ ഇയാൾ വിദേശത്തേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.
അനീസിന്റെ ചക്കരപ്പറമ്പിലെ മേക്കപ്പ് സ്റ്റുഡിയോയിൽ വച്ചാണ് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതെന്ന് കേരളത്തിന് പുറത്ത് താമസിക്കുന്ന മൂന്ന് യുവതികൾ ഇ മെയിൽ വഴിയാണ് പരാതി നൽകിയത്. ഈ മാസം നാലിന് അനീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഒരു യുവതി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. പിന്നാലെ സമാന അനുഭവമുള്ള മറ്റുള്ളവരും മീടൂ ആരോപണം നടത്തിയത്.മേക്കപ്പ് ചെയ്യുന്നതിനിടയിൽ അനാവശ്യമായി മാറിടത്തിലും വയറിലും പിടിക്കുക, അനുവാദമില്ലാതെ മേൽവസ്ത്രം ഊരിമാറ്റുക, ലൈംഗിക ചുവയോടെ സംസാരിക്കുക, സ്‌തനങ്ങൾക്കു ചുറ്റും ഫൗണ്ടേഷൻ ഇടുന്നതിന്റെ ഭാഗമായി ബ്രഷുപയോഗിച്ച് തഴുകുക, പിന്നീട് മൊബൈൽ ഫോണിലേക്ക് സന്ദേശങ്ങളയക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്.2019 ൽ ഒരു പെൺകുട്ടി വിവാഹത്തിനായുള്ള മേക്കപ്പിന് അനീസിനെയാണ് ബുക്ക് ചെയ്തിരുന്നത്. ഇതിന്റ ഭാഗമായി, ട്രയൽ മേക്കപ്പിനായി ഒരാഴ്ച മുൻപ് ഇയാളുടെ മേക്കപ്പ് സ്റ്റുഡിയോയിൽ മാതാവുമൊന്നിച്ച് എത്തി. അവിടെ വച്ച് ഇയാൾ അപമര്യാദയായി പെരുമാറി. ശരീരത്തിൽ കടന്നു പിടിക്കുകയും മസാജ് ചെയ്യുകയും ചെയ്തു. ഇതോടെ, മേക്കപ്പ് നിർത്താൻ ആവശ്യപ്പെടുകയും, പുറത്ത് വന്ന് മാതാവിനോട് ഇക്കാര്യം പറഞ്ഞ് ബുക്കിംഗ് കാൻസൽ ചെയ്യിപ്പിക്കുകയും ചെയ്തു എന്നാണ് ഇൻസ്റ്റാഗ്രാമിലെ ഒരു ആരോപണം. മറ്റൊരാരോപണം, വിവാഹ നിശ്ചയത്തിന്റെ ആവശ്യത്തിനായി മേക്കപ്പ് ചെയ്യാനായി തനിയെ പോയ മറ്റൊരു പെൺകുട്ടിയുടെ ഷർട്ട് ഇയാൾ ഊരിയെടുത്തു. ഞെട്ടിപ്പോയ പെൺകുട്ടി എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയി. തൊട്ടടുത്ത വിവാഹ നിശ്ചയത്തിന് എന്തെങ്കിലും പ്രശ്നം വരുമോ എന്ന് ഭയന്ന് മറ്റാരോടും ഇത് പറയാതെ മനസിൽ അടക്കി വച്ചിരിക്കുകയായിരുന്നു.അനീസിന് കൊച്ചിയിൽ മാത്രം രണ്ട് മേക്കപ്പ് സ്റ്റുഡിയോകളും ഒരു മേക്കപ്പ് അക്കാഡമിയുമുണ്ട്. ഇന്നലെ ഉച്ചയോടെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജുവിന് യുവതികളുടെ ഇ മെയിൽ പരാതികൾ ലഭിച്ചത്.ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
Discussion about this post