കൊച്ചി: കൊച്ചിയിലെെ ഹോട്ടലിൽ ഒന്നരവയസുകാരിയെ ബക്കറ്റില്‍ മുക്കി കൊന്ന സംഭവത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട നോറ എന്ന കുഞ്ഞിന്റെ പിതാവ് സജീവും, പിതാവിന്റെ അമ്മ സിപ്സിയും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ആണെന്ന് പൊലീസ് പറഞ്ഞു. ഇരുവരും നിരവധി മോഷണ, ലഹരി മരുന്ന് കേസുകളിലെ പ്രതികളാണ്. സിപ്സിക്ക് വഴിവിട്ട ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, സംഭവത്തില്‍ പ്രതി ജോണ്‍ ബിനോയ് ഡിക്രൂസിനെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. സിപ്സിയുടെ വഴിവിട്ട ബന്ധങ്ങളും, അടിമയെപ്പോയെ ഉള്ള പെരുമാറ്റവുമാണ് കൊലപാതകം നടത്താനുള്ള കാരണം എന്നാണ് സൂചന. സിപ്സിയോടുള്ള അസംതൃപ്തി മൂലം അവരുമായി അകന്നിരുന്നുവെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
ഹോട്ടലുകളില്‍ പലര്‍ക്കുമൊപ്പം റൂമെടുത്തു താമസിക്കുമ്പോഴും കുട്ടികളെ ഒപ്പം കൂട്ടുന്നതായിരുന്നു രീതി. കാണുന്നവര്‍ക്ക് സംശയം തോന്നാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇത്. ലഹരി മരുന്ന് ഇടപാടുകള്‍ക്ക് മറയായും സിപ്സി കുട്ടികളെ ഉപയോഗിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ദിവസമാണ് പള്ളുരുത്തിയില്‍ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നത്. സംഭവത്തില്‍ അമ്മൂമ്മയുടെ സുഹൃത്തായ ജോണ്‍ ബിനോയ് ഡിക്രൂസിനെ അറസ്റ്റ് ചെയ്തിരുന്നു. കുട്ടി ഛര്‍ദ്ദിച്ചെന്ന് പറഞ്ഞായിരുന്നു അമ്മൂമ്മ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ശ്വാസകോശത്തില്‍ വെളളം കയറിയാണ് മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തും.
Discussion about this post