കൊച്ചി: അയല്‍വാസികളുടെ ഉപദ്രവത്തിനെതിരെ പരാതി നല്‍കിയ വീട്ടമ്മയെ പൊലീസ് ജീപ്പില്‍ വച്ച് പീഡനത്തിന് ഇരയാക്കിയെന്ന് പരാതി. എളങ്കുന്നപ്പുഴ സ്വദേശിയായ യുവതിയാണ് ഞാറയ്ക്കല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ലൈംഗികാതിക്രമം നടത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് യുവതി പരാതിയിൽ ആരോപിച്ചു.
2020ലാണ് അയല്‍വാസികളുമായുള്ള തര്‍ക്കം ആരംഭിച്ചത്. പരാതിക്കാരിയുടെ മരുമകള്‍ക്ക് നേരെ അയല്‍വാസിയായ യുവാവ് വസ്ത്രാക്ഷേപം നടത്തിയത് വീട്ടമ്മ ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു പ്രശ്നങ്ങളാരംഭിച്ചത്. ഇതിന് പിന്നാലെ മറ്റൊരു യുവാവ് വീട്ടമ്മയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. സംഭവത്തെക്കുറിച്ച് പരാതി നല്‍കാന്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പൊലീസിൽ നിന്ന് അതിക്രമം നേരിട്ടത്.
വീട്ടമ്മയുടെ പരാതി പൊലീസ് സ്വീകരിക്കുന്നതിന് പകരം അയല്‍വാസികള്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് കാണിച്ച് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്റ്റേഷനില്‍ വച്ച് പൊലീസുകാര്‍ തന്നെയും ഭര്‍ത്താവിനെയും മകനെയും അസഭ്യം പറഞ്ഞു. പൊലീസുകാര്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു.അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നതിനിടെയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
വനിത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചില്ലെന്നും വീട്ടമ്മ പറഞ്ഞു. പ്രാഥമികാവശ്യത്തിനായി വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വഴിയരികിലെ കാട് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. ജയിലില്‍ എത്തുന്നത് വരെ തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇത് സംബന്ധിച്ച് ഡി ജി പിക്കും എറണാകുളം റൂറല്‍ എസ് പിക്കും പരാതി നല്‍കി.
Discussion about this post