കൊച്ചി: കളളപ്പണം വെളുപ്പിക്കൽ തടയൽ നിയമമനുസരിച്ച്, മുസ്ലീം ലീഗ് നേതാവും, മുൻ എം എൽ എയുമായ കെ എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടിയ ഇ ഡി നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. കോഴിക്കോട് വേങ്ങേരിയിൽ ആശ ഷാജിയുടെ പേരിലുള്ള വീടും സ്ഥലവുമാണ് ഇഡി കണ്ടുകെട്ടിയിരുന്നത്. ഇരുപത്തിയഞ്ച് ലക്ഷം വിലവരുന്ന വീടും സ്ഥലവും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് കണ്ടുകെട്ടിയത്. എന്നാൽ കേസുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. എതിർകക്ഷികൾക്ക് നോട്ടീസയക്കാനും ആവശ്യപ്പെട്ടു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിജിലൻസ് റിപ്പോർട്ട് പ്രകാരമാണ് ഇ ഡി അന്വേഷണം ഏറ്റെടുത്തത്. കെ എം ഷാജി അഴീക്കോട് എം എൽ എയായ സമയത്ത് അഴീക്കോട് സ്‌കൂളിൽ സ്ഥിരം നിയമനത്തിനായി അദ്ധ്യാപികയിൽ നിന്നും 25ലക്ഷം കൈക്കൂലി വാങ്ങി എന്നതായിരുന്നു പരാതി. ഈ പരാതിയിൽ 2016ലാണ് വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കൈക്കൂലിയായി വാങ്ങിയ തുക ഉപയോഗിച്ച് ഭാര്യയുടെ പേരിൽ ഷാജി കോഴിക്കോട് വീടും വസ്തുവും വാങ്ങി എന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതിന്റെ ഭാഗമായാണ് സ്വത്ത് കണ്ടെത്തിയത്.
ഇ ഡിയുടെ കണ്ടെത്തലിനെ കോടതിയിൽ ഷാജിയുടെ അഭിഭാഷകൻ എതിർത്തു. മുൻ എം എൽ എയ്ക്ക് എതിരെയുള്ള കേസ് 2014ൽ ഉള്ളതാണെന്നും. അഴിമതി ഉൾപ്പടെയുള്ള കുറ്റങ്ങൾ കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമത്തിന്റെ പരിധിയിൽ കൂട്ടിച്ചേർത്തത് 2018 ജൂലായ് മുതലാണെന്നുമാണ് കോടതിയിൽ ഷാജിയുടെ അഭിഭാഷകൻ വാദിച്ചത്.
Discussion about this post