പയ്യോളി: കീഴൂർ എ യു പി സ്കൂളിനടുത്തുള്ള സൂപ്പർ മാർക്കറ്റിന്റെ പിൻഭാഗത്താണ് വൻ സ്ഫോടന ശബ്ദമുണ്ടായത്. തുടർന്ന് ഒരാൾക്ക് പരിക്കേറ്റു. കടയുടെ മാനേജിംങ് പാർട്ടണറും മണിയൂർ കുന്നത്തുകര സ്വദേശിയുമായ എണ്ണക്കണ്ടി ഹുസൈനാണ് (60) പരിക്കേറ്റത്.
ഇന്ന് വൈകീട്ട് 6.30 മണിയോടെയാണ് സംഭവം. ബോംബിന് സമാനമായ രീതിയിൽ ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വിവരമറിഞ്ഞതിനെ തുടർന്ന് എസ് ഐ പി എം സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ പയ്യോളി പോലീസും ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ സ്ഫോടനവുമായി ബന്ധപ്പെടുത്താവുന്ന കാര്യമായ തെളിവുകളൊ, അവശിഷ്ടങ്ങളോ കണ്ടെത്താനായിട്ടില്ല.
കടയുടെ പുറകിലെ സാധനങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പികളിൽ നിർമ്മിച്ച കൂട് ഡ്രില്ലർ ഉപയോഗിച്ച് മുറിച്ച് നീക്കവെയാണ് സംഭവമുണ്ടായത്.ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനത്തിൽ കാലിന് പരിക്കേറ്റ ഹുസൈനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് കൂടുതലെന്തെങ്കിലും പറയാറായിട്ടില്ലെന്നും സംഭവസ്ഥലത്ത് നിന്നും ചില വസ്തുക്കൾ ശേഖരിച്ചിട്ടുണ്ടെന്നും വിശദമായ പരിശോധന നടത്തിയാലെ എന്തെങ്കിലും പറയാൻ കഴിയൂ എന്നും പോലീസ് പറഞ്ഞു
Discussion about this post