കൊച്ചി: കൊച്ചിയിലെ കിഴക്കമ്പലത്ത് വഴി വിളക്കുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു ഏറ്റുമുട്ടി സി പി എമ്മും ട്വന്റി ട്വന്റിയും. ട്വന്റി ട്വന്റി വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനായി നടത്തുന്ന സ്ട്രീറ്റ് ലൈറ്റ് ചാലഞ്ച് അഴിമതിയാണെന്നാരോപിച്ചാണ് സി പി എം രംഗത്തുവന്നിരിക്കുന്നത്. എന്നാൽ പദ്ധതി സുതാര്യമാണെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും ട്വന്റി ട്വന്റി പ്രതികരിച്ചു.
എറണാകുളത്തെ കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ, വെങ്ങോല പഞ്ചായത്തുകളിലെ എല്ലാ വൈദ്യുതി തൂണുകളിലും വഴി വിളക്കുകൾ സ്ഥാപിക്കാനാണ് ട്വന്റി ട്വന്റിയുടെ പദ്ധതി. മൂന്ന് വർഷത്തെ വാറന്റിയോട് കൂടി തുരുമ്പ് പിടിക്കാത്ത സ്റ്റാൻഡുകളിൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി ഓരോന്നിനും ചെലവ് 2500 രൂപയാണ്. ഈ തുക സംഭാവനകളിലൂടെയാണ് സ്വരൂപിക്കുന്നത്. ഇതിനായി ട്വന്റി ട്വന്റി കിഴക്കമ്പലം അസോസിയേഷന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്കാണ് പണം നിക്ഷേപിക്കേണ്ടത്. ഇതിനായുള്ള പ്രചാരണം സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി നടക്കുന്നു. എന്നാൽ തദ്ദേശഭരണ വകുപ്പിനെയോ കെ എസ് ഇ ബിയെയോ അറിയിക്കാതെ ഓഡിറ്റ് ഇല്ലാത്ത അക്കൗണ്ടിലേയ്ക്ക് സംഭാവന വാങ്ങി പദ്ധതി നടപ്പാക്കുന്നത് അഴിമതിയാണെന്നാണ് സി പി എം ആരോപിക്കുന്നത്.
അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസിനും കെ എസ് ഇ ബിയ്ക്കും സി പി എം പരാതി നൽകി. എന്നാൽ ഇതിന് മുൻപും വിവിധ ചലഞ്ചുകൾ നടത്തിയിട്ടുണ്ടെന്നും ഓഡിറ്റ് നടക്കുന്ന അക്കൗണ്ടിലൂടെ മാത്രമാണ് പണം കൈപ്പറ്റുന്നതെന്നും ട്വന്റി ട്വന്റി വാദിക്കുന്നു. മാത്രമല്ല ഓരോ ദിവസവും കൈപ്പറ്റിയ സംഭാവനയുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും ട്വന്റി ട്വന്റി അറിയിച്ചു.
Discussion about this post