തിരുവനന്തപുരം: തമിഴ്നാട്ടിലെ കുളച്ചല്‍ തീരത്ത് കണ്ടെത്തിയ മൃതദേഹം ആഴിമലയില്‍നിന്ന് കാണാതായ നരുവാംമൂട് സ്വദേശി കിരണിന്റേതാണെന്ന് തിരിച്ചറിഞ്ഞു. കിരണിന്റെ അച്ഛന് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അതേസമയം, ഡി.എന്‍.എ. പരിശോധനാഫലം ലഭിച്ചതിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നും പരിശോധനാഫലത്തില്‍ സ്ഥിരീകരണം ലഭിച്ചാലേ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോവുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെയാണ് കുളച്ചല്‍ തീരത്ത് യുവാവിന്റെ മൃതദേഹം അഴുകിയനിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കുളച്ചല്‍ പോലീസ് വിഴിഞ്ഞം പോലീസിനെ അടക്കം വിവരമറിയിച്ചിരുന്നു. തുടര്‍ന്നാണ് വിഴിഞ്ഞം പോലീസും കിരണിന്റെ ബന്ധുക്കളും കുളച്ചലില്‍ എത്തിയത്.
കൈയിലെ ചരടും കാല്‍വിരലുകളും കൈവിരലുകളും കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്ന് കിരണിന്റെ അച്ഛന് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നും തങ്ങള്‍ക്ക് നീതി കിട്ടണമെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെ സഹോദരനാണ് മകനെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയത്. അവരെല്ലാം ഒളിവിലാണ്. അവരെയെല്ലാം എത്രയുംവേഗം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post