കൊല്ലം: ഓയൂരിൽ നിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തട്ടിക്കൊണ്ടുപോകൽ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് സംശയിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ അടുത്തിടെ വർധിക്കുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
‘നവകേരള സദസ്’ യാത്രയ്ക്കിടെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുട്ടിയെ കണ്ടെത്തുന്നതിനായി ഗൗരവമായ അന്വേഷണമാണ് നടക്കുന്നത്. ഇന്നലെയും ഇന്നുമായി തുടർച്ചയായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആസൂത്രിതമായ പ്രവർത്തനമായതിനാൽ പെട്ടെന്നുള്ള ഫലം കാണാൻ കഴിഞ്ഞിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം സംഭവത്തിന്റെ പുറകിൽ തന്നെ ഉണ്ട്. വ്യത്യസ്ത സംഘങ്ങളെ രൂപീകരിച്ച് കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ വർധിക്കുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post