കോഴിക്കോട്: ഭാരിച്ച ചിലവിൽ മത്സ്യബന്ധനം നടത്തുവാൻ കഴിയാതെ പ്രയാസമനുഭവിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക്, മണ്ണെണ്ണ വില വലിയ തോതിൽ വർദ്ധിച്ചതോടെ ജോലിയെ ഏറെ ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ സമരത്തിന് തയ്യാറാവണമെന്ന് ജനത മത്സ്യത്തൊഴിലാളി യൂനിയൻ (എച്ച് എം എസ്) സംസ്ഥാന സമിതിയംഗം പി പി കണ്ണൻ, ജില്ല ജനറൽ സിക്രട്ടറി കൈതയിൽ പ്രകാശൻ, കെ പി പത്മനാഭൻ എന്നിവർ പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു.

മണ്ണെണ്ണ പെർമിറ്റ് മാസത്തിൽ 140 ലിറ്റർ ലഭിക്കുന്നവർക്ക് ഇപ്പോൾ 110 ലിറ്റർ ആക്കി കുറച്ചു. എന്നാൽ ഇത് 3 ദിവസം പോലും മത്സ്യ ബന്ധനത്തിന് തികയില്ല. പുതിയാപ്പയിൽ നിന്നും വാങ്ങുന്ന മണ്ണെണ്ണയ്ക്ക് ഇപ്പോൾ 124 രൂപ വരെ ലിറ്ററിന് നൽകേണ്ടി വരുന്നു.ഇത് മത്സ്യ ബന്ധനത്തെ പ്രതികൂലമായി ബാധിക്കും. 40 ശതമാനം മണ്ണെണ്ണ ക്വാട്ട കുറച്ചത് പുനഃപരിശോധിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ഇന്ധനവിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ മത്സ്യത്തൊഴിലാളികളെ സഹായിക്കുവാൻ ബന്ധപ്പെട്ട സർക്കാറുകൾ തയ്യാറായില്ലെങ്കിൽ സമരരംഗത്തിറങ്ങേണ്ടി വരുമെന്ന് ജനതാ മത്സ്യത്തൊഴിലാളി യൂനിയൻ (എച്ച് എം എസ്) പ്രസ്ഥാവനയിൽ മുന്നറിയിപ്പ് നൽകി.
Discussion about this post