പയ്യോളി: ചങ്ങാത്തത്തിൻ്റെ പേരിൽ സമൂഹത്തിൽ നിന്നും തിരസ്കരിക്കപ്പെട്ട ആളുകൾ നടത്തുന്ന വിരുന്നുകളിൽ പോലീസുകാർ പങ്കെടുക്കുന്നതും ഫോട്ടോ എടുക്കുന്നതും അവ പങ്കുവെയ്ക്കുന്നതും സേനയുടെ അന്തസ് കെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം വിരുന്നുകളും അത്തരക്കാരോടുള്ള കൂട്ടുകെട്ടും പോലീസുകാർ ഒഴിവാക്കണം. ദുരന്തമുഖത്ത് സമർപ്പണം നടത്തിയ സേന അവരുടെ വേതനം കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് ഉദാത്ത മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 34-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ആർ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നിർവാഹക സമിതി അംഗം സി കെ സുജിത്ത് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
സംസ്ഥാന പോലീസ് മേധാവി ഡി ജി പി ഷെയ്ഖ് ദർവേഷ് സാഹെബ് ഐ പി എസ്, നോർത്ത് സോൺ ഐ ജി പി കെ സേതുരാമൻ ഐ പി എസ്, കണ്ണൂർ റെയ്ഞ്ച് ഡി ഐ ജി തോംസൺ ജോസ് ഐ പി എസ്, കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി നിധിൻ രാജ് ഐ പി എസ്, അസോസിയേഷൻ സംസ്ഥാന ജന.സെക്രട്ടറി വി സുഗതൻ, പോലീസ് അസോസിയേഷൻ സംസ്ഥാന ജന.സെക്രട്ടറി ഇ വി പ്രദീപൻ പ്രസംഗിച്ചു.സംസ്ഥാന ജന.സെക്രട്ടറി സി ആർ ബിജു സ്വാഗതവും കോഴിക്കോട് റൂറൽ ജില്ല സെക്രട്ടറി പി മുഹമ്മദ് നന്ദിയും പറഞ്ഞു.
Discussion about this post