കരിപ്പൂർ: കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ രാജ്യ വിരുദ്ധ ശക്തികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ കുറ്റപ്പെടുത്തി. കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ ഇത് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും ദേശവിരുദ്ധ ശക്തികളെ പൂർണ്ണമായും തുടച്ചു നീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ തനിമയും പാരമ്പര്യവും നിലനിർത്താൻ ബി ജെ പിയും കേന്ദ്ര സർക്കാരും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഏകദിന സന്ദർശനത്തിനെത്തിയ ബി ജെ പി ദേശീയ അദ്ധ്യക്ഷൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
കരിപ്പൂർ വിമാനത്താവളത്തിൽ നൂറുകണക്കിന് പ്രവർത്തകർ വാദ്യമേളങ്ങളുടെയും, നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചു. ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗവും കേരളത്തിന്റെ പ്രഭാരിയുമായ സി പി രാധാകൃഷ്ണൻ, ദേശീയ വക്താവ് ടോം വടക്കൻ, മുൻ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്, സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു, മലപ്പുറം ജില്ലാ പ്രസിഡന്റ് രവിതേലത്ത് എന്നിവർ ചേർന്ന് വിമാനത്താവളത്തിൽ സ്വീകരിച്ചു.
Discussion about this post