ശബരിമലയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് പരസ്യം ചെയ്ത സംഭവത്തില്‍ ഹെലികേരള കമ്പനിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ശബരിമല എന്ന പേരുപയോഗിക്കാന്‍ പാടില്ലെന്ന് ഹെലികേരളയോട് കോടതി നിര്‍ദേശിച്ചു. മറുപടി സത്യാവാങ്മൂലം സമര്‍പ്പിക്കാന്‍ ദേവസ്വം ബോര്‍ഡിനും കേന്ദ്രത്തിനും ഹൈക്കോടതി സമയമനുവദിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
തീര്‍ത്ഥാടകരെ ശബരിമലയിലേക്ക് ഹെലികോപ്റ്ററില്‍ കൊണ്ടുപോകുന്ന സര്‍വീസിനാണ് കാക്കനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെലികേരള വാഗ്ദാനം ചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ട കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും കമ്പനിക്കും ദേവസ്വം ബോര്‍ഡിനുമെതിരെ കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചു.
വിഷയം ചെറുതായി കാണാനാകില്ലെന്നും പരസ്യത്തില്‍ ശബരിമല എന്ന പേരുപയോഗിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു. നേരത്തെ ആഭ്യന്തര മന്ത്രാലയത്തെയും വനം പരിസ്ഥിതി മന്ത്രാലയത്തെയും കേസില്‍ ഹൈക്കോടതി കക്ഷി ചേര്‍ത്തിരുന്നു.
Discussion about this post