തിരുവനന്തപുരം: അടിസ്ഥാന വികസന കാര്യത്തിൽ കേരളാ മാതൃക രാജ്യത്തിന് അഭിമാനമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തിയ ശേഷം നടത്തിയ റിപ്പബ്ലിക് ദിന പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രശംസ.
കൊവിഡ് കാലം ഇന്ത്യയുടെ ശക്തി തെളിയിച്ചുവെന്നും, വാക്‌സിനേഷനിലും കേരളം രാജ്യത്തിന് മാതൃകയാണെന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെയും ആരിഫ് മുഹമ്മദ് ഖാൻ അഭിനന്ദിച്ചു. നീതി ആയോഗ് സൂചികയിലെ നേട്ടം സൂചിപ്പിച്ചാണ് അഭിനന്ദനം.
സാക്ഷരതയ്ക്കും ആരോഗ്യമേഖലയ്ക്കും ഒപ്പം ഉന്നത വിദ്യാഭ്യാസ മേഖലയേയും ഉയർത്തിക്കൊണ്ടുവരണമെന്നും ഗവർണർ പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട നൂറ് പേർ മാത്രമാണ് പങ്കെടുത്തത്. ജില്ലാതലത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. അൻപത് പേർക്ക് മാത്രമായിരുന്നു പ്രവേശനം.
Discussion about this post