കോഴിക്കോട്: പ്രഥമ കേരള ഗെയിംസിനോടനുബന്ധിച്ച് കേരളത്തിന്റെ കായിക ചരിത്രം വിളിച്ചോതുന്ന അപൂര്‍വ്വചിത്രങ്ങളുടെ പ്രദര്‍ശനവുമായി ഫോട്ടോ വണ്ടി ഓടിത്തുടങ്ങുന്നു. പയ്യോളിയില്‍ നിന്നാരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്നതാണ് ഫോട്ടോ വണ്ടിയുടെ പര്യടനം.
ശനിയാഴ്ച രാവിലെ 10 മണിക്ക് പയ്യോളിയില്‍ ഒളിമ്പ്യന്‍ പി ടി ഉഷയുടെ വസതിയില്‍ നിന്നാരംഭിക്കുന്ന ഫോട്ടോ വണ്ടി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്യും. പി ടി ഉഷ, കാനത്തില്‍ ജമീല എം എല്‍ എ, ഒളിമ്പിക്‌സ്
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി സുനില്‍ കുമാര്‍, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, മുതിര്‍ന്ന സ്‌പോര്‍ട്‌സ് ലേഖകനും ചന്ദ്രിക പത്രാധിപരുമായ കമാല്‍ വരദൂര്‍, പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ്ഖാന്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ ടി ജോസഫ് , സെക്രട്ടറി സി സത്യന്‍ എന്നിവര്‍ പങ്കെടുക്കും.
കേരള കായിക രംഗത്തിന്റെ കുലപതി ജി വി രാജയുടെ ചിത്രത്തില്‍ ആരംഭിച്ച്, രാജ്യത്തിന് കേരളം സംഭാവന ചെയ്ത ഏക്കാലത്തെയും മികവുറ്റ താരം ഒളിമ്പ്യന്‍ പി ടി ഉഷയുടെ
ചിത്രമടക്കം സംസ്ഥാനത്തിന്റെ കായിക ഭൂപടത്തില്‍ ഒഴിച്ചു നിറുത്താന്‍ കഴിയാത്ത ഒരു പിടി താരങ്ങളുടെ അപൂര്‍വ്വ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രദര്‍ശനം. കായികതാരങ്ങളുടെയും, കായികയിനങ്ങളുടെയും മികവുറ്റ ചിത്രങ്ങള്‍ പകര്‍ത്തിയ പത്രഫോട്ടോഗ്രാഫര്‍മാരുടെ അവിസ്മരണീയ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഏപ്രില്‍ 16 ന് ആരംഭിക്കുന്ന പ്രദര്‍ശന യാത്ര 14 ജില്ലകളും ചുറ്റി ഏപ്രില്‍ 28 ന് തിരുവനന്തപുരത്ത് സമാപിക്കും.
കേരള മീഡിയ അക്കാഡമി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രദര്‍ശനപര്യടനം
സംഘടിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 30 ന് തിരുവനന്തപുരം എന്‍ജിനീയേഴ്സ് ഹാളില്‍ അന്താരാഷ്ട്ര ഫോട്ടോ എക്സിബിഷന് തുടക്കമാകും.
Discussion about this post