കീവ്: യുക്രെയ്നിൽ ദ്ധത്തിന്റെ നാലാം ദിവസം നഗരങ്ങളെ കടന്നാക്രമിക്കുകയാണ് റഷ്യ. നോവ, കഖോവ എന്നീ നഗരങ്ങൾ കൂടി റഷ്യ പിടിച്ചെടുത്തെന്ന് യുക്രെയിൻ സ്ഥിരീകരിച്ചു. അതേസമയം ചർച്ചയ്ക്ക് തയാറാണെന്ന് റഷ്യ വീണ്ടും ആവർത്തിക്കുകയാണ്. ബലാറൂസിൽ ചർച്ചയ്ക്ക് തയാറെന്നാണ് റഷ്യ അറിയിച്ചത്. റഷ്യൻ സംഘം അവിടെ എത്തിയിരിക്കുകയാണ്. എന്നാൽ ബലാറൂസിൽ വച്ച് ചർച്ച നടത്താൻ തയാറല്ലെന്നാണ് യുക്രെയിൻ അറിയിച്ചത്. പകരം മൂന്ന് വേദികൾ സെലൻസ്കി നിർദേശിച്ചു. വാഴ്സ, ഇസ്താംബുൾ, ബൈകു എന്നിവിടങ്ങളാണ് യുക്രെയിൻ നിർദേശിച്ചത്.
യുക്രെയിൻ തലസ്ഥാനമായ കീവിൽ സ്ഫോടനങ്ങൾ നടക്കുന്നു. നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് സ്ഫോടനങ്ങൾ നടക്കുന്നത്. വ്യോമാക്രമണ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സുമിയിലും കേഴ്സണിലും തെരുവ് യുദ്ധം നടക്കുകയാണ്.
കീവ് നിയന്ത്രണത്തിലാക്കാൻ റഷ്യക്കൊപ്പം ചേർന്ന് ചെചൻ സൈന്യവും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. അതേസമയം റഷ്യയെ പ്രതിരോധിക്കാൻ യുക്രെയിനിന് സഹായ വാഗ്ദ്ധാനവുമായി കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്. യുദ്ധവിരുദ്ധ വികാരം റഷ്യയിൽ ശക്തമാണ്. പ്രതിഷേധിച്ച മൂവായിരത്തിലധികം പേർ അറസ്റ്റിലായെന്നാണ് റിപ്പോർട്ടുകൾ.
യുക്രെയിൻ ചർച്ചയ്ക്ക് തയാറാകുന്നില്ല എന്ന് കുറ്റപ്പെടുത്തിയതിന് പിന്നാലെയായാണ് റഷ്യ ആക്രമണം ശക്തമാക്കുകയാണ്. സൈനിക കേന്ദ്രങ്ങൾക്ക് പുറമെ ജനവാസ മേഖലകളിലും ആക്രമണം നടന്നതായാണ് റിപ്പോർട്ടുകൾ. റഷ്യൻ സൈന്യത്തിനൊപ്പം ചെചൻ സേനയും രംഗത്തെത്തിയിരിക്കുകയാണ്. യുക്രെയിൻ സൈനിക കേന്ദ്രം പിടിച്ചെടുത്തതായി ചെചൻ പ്രസിഡന്റ് അവകാശപ്പെട്ടു. കീവ് നഗരത്തിൽ നിലവിൽ കർഫ്യൂ തുടരുകയാണ്.
എന്നാൽ ചെറുത്തുനിൽപ്പിൽ നിന്നും പിന്നോട്ടില്ല എന്നാണ് യുക്രെയിൻ അഭിപ്രായപ്പെടുന്നത്. റഷ്യൻ യുദ്ധവിമാനം തകർത്തതായി യുക്രെയിൻ സേന അവകാശപ്പെട്ടു. റിപ്പോർട്ടുകൾ പ്രകാരം പ്രതിരോധത്തിനായി പെട്രോൾ ബോംബ് പോലും ഉപയോഗിക്കുകയാണ്. ഇതിനിടെ യുക്രെയിനിന് ആയുധം നൽകുമെന്ന് ജർമനി അറിയിച്ചു.
Discussion about this post