കൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന് വീണ്ടും അന്വേഷണസംഘത്തിന്റെ നോട്ടീസ്. ഇന്ന് പതിനൊന്ന് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഈ മാസം ആറിന് കാവ്യയ്ക്ക് നോട്ടീസ് നൽകിയത്. ഹാജരാകുന്ന സ്ഥലം അറിയിക്കണമെന്നും നോട്ടീസിൽ പരാമർശിച്ചിട്ടുണ്ട്. ആലുവയിലെ വീട്ടിൽ വച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ മറുപടി നൽകിയതായാണ് വിവിരം. എന്നാൽ അന്വേഷണ സംഘം ഇതിന് മറുപടി നൽകിയിട്ടില്ല.
നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയിൽ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് കാവ്യയ്ക്ക് നോട്ടീസ് നൽകിയിരുന്നത്. മുമ്പും ദിലീപിന്റെ പത്മ സരോവരം വീട്ടിൽ വെച്ച് ചോദ്യം ചെയ്യാമെന്നായിരുന്നു കാവ്യയുടെ നിലപാട്. എന്നാൽ പ്രൊജക്ടർ ഉപയോഗിച്ച് ചില ദൃശ്യങ്ങൾ കാണിച്ചും സംഭാഷണ ശകലങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയിൽ നിന്ന് വിവരങ്ങൾ തേടാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നത്.
പദ്മസരോവരം വീട് ഇതിന് പറ്റിയ ഇടമല്ല എന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം ഈ മാസം മുപ്പതിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി അന്ത്യശാസനം നൽകിയ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേഗത്തിലാക്കിയിട്ടുണ്ട്.
Discussion about this post