മുംബൈ: 100 കോടി ക്ലബ്ബിലെത്തി കശ്മീർ ഫയൽസ് റിലീസ്. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ ചിത്രം ബോക്‌സ് ഓഫീസിൽ 97.30 കോടി രൂപ കളക്ഷൻ നേടിയിരുന്നു. 1990-കളിലെ കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് കശ്മീർ ഫയൽസ്.
വിവേക് രഞ്ജൻ അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രത്തിൽ അനുപം ഖേർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി, ദർശൻ കുമാർ, ചിന്മയ് മണ്ഡ്ലേക്കർ, ഭാഷാ സംബ്ലി എന്നിവരാണ് അഭിനയിക്കുന്നത്.
കശ്മീർ ഫയൽസ് നേടിയ നിനച്ചിരിക്കാത്ത വിജയം, വലിയ പ്രതീക്ഷകളോടെ ഹോളി റിലീസിന് തയാറെടുത്തിരുന്ന പല ഹിന്ദി സിനിമകൾക്കും ആവശ്യത്തിന് തിയെറ്ററുകൾ ലഭിക്കാതെയും വന്നു. അക്ഷയ് കുമാർ നായകനായ ബച്ചൻ പാണ്ടേയ്ക്ക് 350 തിയ്യെറ്ററുകൾ നഷ്ടമായതായാണ് അറിയുന്നത്.

കേരളത്തിലെ പ്രദർശന കേന്ദ്രങ്ങളിലും കശ്മീർ ഫയൽസ് മികച്ച കളക്ഷൻ നേടുന്നതായാണ് റിപ്പോർട്ട്. ഫിലിം ട്രേഡ് അനലിസ്റ്റ് തരൺ ആദർശ്, ട്വിറ്ററിൽ എഴുതിയത് ഇങ്ങനെ: കശ്മീർ ഫയൽസ് ബോളിവുഡിലെ എക്കാലത്തെയും ബ്ലോക്ക് ബസ്റ്ററുകളുടെ നിരയിൽ ചേർന്നിരിക്കുന്നു… ഈ കുതിപ്പ് തടയാനാവില്ല, വേഗം കുറയ്ക്കാനുമാവില്ല.
തരൺ കുറിച്ചതിൽ വാസ്തവമുണ്ട്. ആദ്യദിനം മുതൽ ഓരോ ദിവസവും കളക്ഷൻ കുതിക്കുകയാണ്. ആദ്യദിനമായ കഴിഞ്ഞ വെള്ളിയാഴ്ച 3.55 കോടി, ശനി 8.50 കോടി, ഞായർ 15.10 കോടി, തിങ്കൾ 15.05 കോടി, ചൊവ്വ 18 കോടി, ബുധൻ 19.05 കോടി, വ്യാഴം 18.05 കോടി.
ബാഹുബലി 2- വും ഡംഗലുമായാണ് കശ്മീർ ഫയൽസിന്റെ മത്സരമെന്ന് ബോക്സ് ഒഫിസ് ഇന്ത്യ. കോം വിലയിരുത്തുന്നു. രണ്ട് ചിത്രങ്ങൾക്കും വാരാന്തത്തിൽ മികച്ച കളക്ഷനുണ്ടായിരുന്നു. എന്നാൽ ഡംഗലിനെ മറികടന്ന് കുതിച്ച ബാഹുബലി 2 ന്റെ എട്ടാം ദിവസത്തെ റെക്കോഡ് മറികടക്കുമോ എന്നതാണ് ഏവരും നോക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ബാഹുബലി 2ന്റെ റെക്കോഡ് മറികടക്കാൻ മറ്റൊരു സിനിമയ്ക്കും സാധിച്ചിട്ടില്ല.

ഉത്തർപ്രദേശ്, കർണാടകം, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ത്രിപുര, ഗോവ തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ കശ്മീർ ഫയൽസിനെ വിനോദനികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കശ്മീർ ഫയൽസ് ടീമിനെ തന്റെ വസതിയിലേക്ക് ക്ഷണിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അനുപം ഖേർ ഇൻസ്റ്റാഗ്രാമിലൂടെ നന്ദി പറയുകയും ദൃശ്യം പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

Discussion about this post