കാസർഗോഡ്: ഭക്ഷ്യവിഷബാധയെത്തുടർന്ന് വിദ്യാർത്ഥിനി മരിക്കാനിടയായ സംഭവത്തിൽ അൽ റൊമാൻസിയ ഹോട്ടലിൽ നിന്നും അശാസ്ത്രീയമായി സൂക്ഷിച്ചിരുന്ന മാംസം കണ്ടെത്തി. 18 ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.
കോഴിക്കോട് റീജ്യണൽ അനലറ്റിക്കൽ ലാബിൽ ഇന്ന് തന്നെ പരിശോധനയ്ക്ക് അയക്കും. പരിശോധന ഫലം ഇന്നോ നാളെയോ ലഭിക്കുമെന്നും അസിസ്റ്റന്റ് കമ്മീഷണർ കൂട്ടിച്ചേർത്തു. നേരത്തെ അൽ റൊമാൻസിയ ഹോട്ടലിന്റെ പ്രവർത്തനം നിർത്തി വക്കാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം നിർദ്ദേശം നൽകിയിരുന്നു. സ്ഥാപനത്തിന് ലൈസൻസ് ഉള്ളതാണെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.
തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി എന്ന വിദ്യാർത്ഥിനിയാണ് മരിച്ചത്. കാസർഗോട്ടെ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത ആരംഭിച്ചു. ഗുരുതരാവസ്ഥയിലായ പെൺകുട്ടി മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. അഞ്ജുശ്രീ കുഴിമന്തിക്കൊപ്പം സൂപ്പും കഴിച്ചിരുന്നു എന്നാണ് ഏറ്റവും പുതിയതായി ലഭിക്കുന്ന വിവരം.
Discussion about this post