കാസര്‍കോട്: കാസര്‍കോട് പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളേയും തിരിച്ചറിഞ്ഞതായി പൊലീസ്. ഇതിൽ 2 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി കാസര്‍കോട് എസ്പി വൈഭവ് സക്‌സേന അറിയിച്ചു. മഞ്ചേശ്വരം സ്വദേശികളായ റഹീം, അസീസ് എന്നിവരാണ് പൊലീല് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതിയാണ് റഹീമെന്ന് എസ്പി മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ 15 അംഗ സംഘമാണെന്നും എസ്പി അറിയിച്ചു. ക്വട്ടേഷന്‍ സ്വീകരിച്ച ഒരു പ്രതിയുടെ വീട്ടില്‍ നിന്ന് നാലര ലക്ഷം രൂപ പിടിച്ചെടുത്തെന്നും എസ്പി പറഞ്ഞു. തലച്ചോറിനേറ്റ ക്ഷതമാണ് പ്രവാസി അബൂബക്കര്‍ സിദ്ദീഖിന്‍റെ മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
ക്വട്ടേഷന്‍ സംഘത്തിന്‍റെ തടങ്കലില്‍ ക്രൂരമര്‍ദനമേറ്റാണ് പ്രവാസി കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മറ്റു പ്രതികളെ പിടികൂടുന്നതിന് തെരച്ചില്‍ തുടരുകയാണ്.സംഭവത്തിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ പോയ ഇവരെ പിടികൂടുന്നതിന് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. കേസില്‍ 16 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. അബൂബക്കര്‍ സിദ്ദീഖിന്‍റെ ശരീരത്തിലെ പേശികള്‍ അടികൊണ്ട് ചതഞ്ഞ് വെള്ളംപോലെയായതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കുറഞ്ഞത് 5000 തവണയെങ്കിലും അടിയേറ്റാല്‍ മാത്രമേ ശരീരം ഇത്തരത്തിലാവുകയുള്ളൂവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
അരയ്ക്ക് താഴെ നിരവധി തവണ മര്‍ദിച്ച പാടുകളുണ്ട്. പേശികള്‍ അടിയേറ്റ് ചതഞ്ഞു. ക്ഷതം മനസിലാക്കാന്‍ പ്രത്യേക പരിശോധന നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സിദ്ദീഖിന്‍റെ സഹോദരന്‍ അന്‍വറും സുഹൃത്ത് അന്‍സാരിയും ക്രൂരപീഡനത്തിന് ഇരയായി. തലകീഴായി മരത്തില്‍ കെട്ടിയിട്ട് തന്നെ മര്‍ദിക്കുകയായിരുന്നെന്ന് കുമ്പള സഹകരണ ആശുപത്രിയില്‍ കഴിയുന്ന മുഗു സ്വദേശി അന്‍സാരി പറഞ്ഞു. വെള്ളിയാഴ്ചയാണ് അന്‍വറിനൊപ്പം അന്‍സാരി ക്വട്ടേഷന്‍ സംഘത്തിന്‍റെ തടങ്കലിലായത്.
പുത്തിഗെ മുഗു റോഡിലെ നസീമ മന്‍സിലിലെ അബൂബക്കര്‍ സിദ്ദിഖാണ് (31) കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. മഞ്ചേശ്വരം സ്വദേശിയുമായി ബന്ധപ്പെട്ട് അബൂബക്കര്‍ സിദ്ദിഖിന് വിദേശത്തുണ്ടായ സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കമാണു കൊലപാതകത്തിന് ഇടയാക്കിയതെന്നാണു പൊലീസിന്‍റെ പ്രാഥമിക നിഗമനം. മഞ്ചേശ്വരം സ്വദേശിയായ ഇയാളാണ് പൈവളിഗെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചത്.
സിദ്ദിഖിനെ ബന്തിയോട് ആശുപത്രിയില്‍ എത്തിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പെങ്കിലും മരണം സംഭവിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി. വിവരമറിയിക്കാന്‍ ആശുപത്രി അധികൃതര്‍ പുറത്തെത്തും മുന്‍പ് എത്തിച്ചവര്‍ കടന്നു കളഞ്ഞിരുന്നു. ഈ സമയത്ത് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണു വാഹനത്തെയും പ്രതികളെയും തിരിച്ചറിഞ്ഞത്.
Discussion about this post