തൃശ്ശൂർ: കാർഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐ.സി.എ.ആർ.) ഒന്നാം റാങ്കിൽനിന്ന് 10 കൊല്ലംകൊണ്ട് 28-ലേക്ക് കൂപ്പുകുത്തി കേരള കാർഷിക സർവകലാശാല. കൂടാതെ 2002 മുതൽ 2020 വരെ 12 ഭൗമസൂചികാ പദവികൾ നേടിയ സർവകലാശാലയ്ക്ക് അതിനുശേഷം ഒന്നും നേടിയെടുക്കാനായില്ല. 23 കോടിയായിരുന്ന ആഭ്യന്തര വരുമാനം 13 കോടിയിലെത്തി.

2017-18-ൽ ഐ.സി.എ.ആർ വികസന സഹായധനമായി എട്ടുകോടി നൽകിയിരുന്നത് ഇപ്പോൾ 1.36 കോടിയായി. വിവിധ കോഴ്സുകളുടെ അക്രഡിറ്റേഷനും നഷ്ടപ്പെട്ടു. 50 വർഷത്തിലെത്തിയ സർവകലാശാലയ്ക്ക് നേടാനായത് എൻ.എ.ഇ.എ.ബി.യുടെ ബി ഗ്രേഡ് മാത്രം.
സർവകലാശാലയിലേക്ക് ആഭ്യന്തര വരുമാനമുണ്ടാക്കിയിരുന്ന ഫാമുകളൊന്നും പൂർണതോതിൽ പ്രവർത്തിക്കുന്നില്ല. മൊത്തമുള്ള 241 ഫാം ഓഫീസർ തസ്തികയിൽ ഇപ്പോഴുള്ളത് 56 പേർ മാത്രം. ഈ തസ്തികയിലേക്ക് നിയമനത്തിന് യോഗ്യത ഉയർത്തിയത് നിയമപരമായി മാറ്റിയെങ്കിലും തസ്തികയുടെ പേര് പുതുക്കിയത് ഔദ്യോഗികമായി മാറ്റിയില്ല. അതിനാൽ ഫാം ഓഫീസർ തസ്തികയിലേക്ക് നിയമത്തിന് അപേക്ഷ ക്ഷണിക്കാൻ സാങ്കേതിക പ്രശ്നമുണ്ട്.

ഫാം ഓഫീസർ തസ്തികയിലേക്ക് താത്‌കാലിക നിയമനം നടത്തിയാലും ആളെക്കിട്ടാനില്ല. ഇൗ തസ്തികയിലെ ദിവസവേതനം 760 രൂപയാണ്. ഫാമിലെ കാഷ്വൽ തൊഴിലാളിയുടെ ദിവസ വേതനം 980 രൂപയും.
സാങ്കേതിക വിഭാഗത്തിൽ 21 ഓവർസിയർ തസ്തികകളിൽ ഒരാൾ മാത്രമാണുള്ളത്. 19 അസിസ്റ്റന്റ് എൻജിനിയർ തസ്തിക മുഴുവൻ ഒഴിഞ്ഞു കിടക്കുന്നു.
ഇതേ സമയം, ക്ലറിക്കൽ തസ്തികകളിൽ ജീവനക്കാരുടെ ബാഹുല്യവുമാണ്. 333 ക്ലറിക്കൽ ജീവനക്കാരും 133 സെക്‌ഷൻ ഓഫീസർമാരും 18 അസിസ്റ്റന്റ് രജിസ്ട്രാറും 11 ജോയന്റ്-ഡെപ്യൂട്ടി രജിസ്ട്രാറും സർവകലാശാലയിലുണ്ട്. മറ്റ് സർവകലാശാലകളിൽനിന്ന് വിരുദ്ധമായി കാർഷിക സർവകലാശാലയുടെ കേരളത്തിലെ എല്ലാകേന്ദ്രങ്ങളിലും ഹെഡ്ക്വാർട്ടർ പാറ്റേണിലാണ് ശന്പളം. അതിനാൽ 30 ശതമാനത്തോളം അധികച്ചെലവ് വരുന്നു. പ്രതിമാസം 35 കോടിയാണ് ശമ്പളത്തിന് മാത്രം വേണ്ടത്.
ഈ പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിക്കാൻ വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു തയ്യാറായില്ല.
Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
Discussion about this post