ബംഗളുരു: കാവിക്കൊടി ഇന്ത്യയുടെ ദേശീയ പതാകയാക്കി മാറ്റുമെന്ന് കർണാടക ഗ്രാമവികസന മന്ത്രി കെ.എസ്.ഈശ്വരപ്പ. ഒരു നാൾ ചെങ്കോട്ടയിൽ കാവിക്കൊടി ഉയർത്തുമെന്നാണ് മന്ത്രി പറഞ്ഞത്. മാദ്ധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഈശ്വരപ്പയുടെ വിവാദ പ്രസ്താവന.
കഴിഞ്ഞ ദിവസം ശിവമോഗ പിയു കോളേജിന്റെ കൊടിമരത്തിലെ ദേശീയ പതാക ഒരു സംഘം വലിച്ചുകീറുകയും, അവിടെ കാവിക്കൊടി കെട്ടുകയും ചെയ്തിരുന്നു. ഹിജാബ് സമരത്തിനിടെയായിരുന്നു സംഭവം. ഇതോടെ ദേശീയപതാകയെ അപമാനിച്ചെന്നാരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. ഇതിനുപിന്നാലെയാണ് ചെങ്കോട്ടയിൽ കാവിക്കൊടി ഉയർത്തുമെന്ന മന്ത്രിയുടെ പ്രസ്താവന.
ചെങ്കോട്ടയിൽ കാവി പതാക ഉയർത്താനാകുമോ എന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഇപ്പോഴല്ല ഭാവിയിൽ സാദ്ധ്യമാകുമെന്നായിരുന്നു മന്ത്രി നൽകിയ മറുപടി. നിലവിൽ ത്രിവർണ്ണ പതാകയാണ് ദേശീയ പതാകയെന്നും, എല്ലാവരും ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് ശ്രീരാമചന്ദ്രന്റേയും മാരുതിയുടേയും രഥങ്ങളിൽ കാവിക്കൊടികൾ ഉണ്ടായിരുന്നു. അന്ന് ത്രിവർണ്ണ പതാകയുണ്ടായിരുന്നോ? ഇപ്പോൾ അതിനെ ദേശീയ പതാകയായി നിശ്ചയിച്ചിരിക്കുന്നു. ഇന്ത്യയിൽ നിന്ന് അന്നം കഴിക്കുന്ന ഓരോരുത്തരും പതാകയെ ബഹുമാനിക്കേണ്ടതുണ്ട്. അതിൽ സംശയമൊന്നും ഇല്ല.’- മന്ത്രി പറഞ്ഞു.
Discussion about this post