മലപ്പുറം: കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂർ വിമാനത്താവളംവഴി കടത്തിയ ഒരുകിലോ സ്വർണവുമായി രണ്ടു പേരെ പൊലീസ് പിടികൂടി. സംഭവത്തിൽ പാലക്കാട്, മണ്ണാർക്കാട് കൊടക്കാട് കളരിക്കൽ രമേഷ് (26), കോഴിക്കോട് കൈതപ്പോയിൽ പഴന്തറ അബ്ദുറഹ്മാൻ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മസ്‌കറ്റിൽനിന്നെത്തിയ രമേഷ് ശരീരത്തിനകത്താക്കിയാണ് സ്വർണം കൊണ്ടുവന്നത്.
ബുധനാഴ്ച പുലർച്ചെ വിമാനത്താവള പരിസരത്തുനിന്നാണ് ഇരുവരും അറസ്റ്റിലായത്. സംഘത്തിലെ ഒരാൾ ഓടിരക്ഷപ്പെട്ടു. ഇവർ വന്ന കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അബ്ദുറഹ്മാനും താമരശ്ശേരി സ്വദേശിയായ മറ്റൊരാളും രമേഷിനെ കൊണ്ടുപോകാനായി വിമാനത്താവളത്തിലെത്തിയതായിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് രമേഷ് പുറത്തിറങ്ങിയപ്പോഴാണ് വിമാനത്താവളത്തിനു പുറത്ത് കാത്തിരുന്ന പൊലീസ് ഇവരെ പിടികൂടിയത്.
രമേഷ് നാലു കാപ്സ്യൂളുകളിലാക്കി ശരീരത്തിലൊളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. പ്രതികളെയും സ്വർണവും കൂടുതൽ അന്വേഷണത്തിനു കസ്റ്റംസിന് കൈമാറുമെന്ന് പൊലീസ് പറഞ്ഞു. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് മാഫിയയിലെ കണ്ണിയാണ് പഴന്തറ അബ്ദുറഹ്മാൻ. ഇയാൾ പലതവണ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണം കടത്തിയതായി പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി സുജിത്ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി ഇൻസ്പെക്ടർ അലവി, കരിപ്പൂർ ഇൻസ്പെക്ടർ പി. ഷിബു എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ പി. അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, പി. സഞ്ജീവ്, ഉണ്ണികൃഷ്ണൻ മാരാത്ത് എന്നിവരും എഎസ്ഐ. പത്മരാജൻ, ഹരിലാൽ സന്ദീപ്, അബ്ദുൾറഹിം, മുരളീകൃഷ്ണൻ എന്നിവരും ചേർന്നാണ് സ്വർണം പിടികൂടിയത്.
Discussion about this post