കോഴിക്കോട് ∙ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്ത മലയാളത്തിന്റെ അഭിമാനമായ ഒളിംപ്യൻ പി.ടി.ഉഷയെപരിഹസിച്ച് സിപിഎം നേതാവും എംപിയുമായ എളമരം കരീം. ‘ഏഷ്യാഡ് യോഗ്യതയ്ക്കു പുറമേയുള്ള യോഗ്യത തെളിയിച്ചാണ് പി.ടി.ഉഷ രാജ്യസഭയിലെത്തുന്നതെന്നായിരുന്നു എളമരം കരീമിന്റെ പരിഹാസം. ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെയും ഗുജറാത്ത് മുൻ ഡിജിപി ആര്‍.ബി.ശ്രീകുമാറിനെയും വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണസമിതി കോഴിക്കോട് ടൗണ്‍ഹാളില്‍ നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുമ്പോഴാണ് ഉഷയുടെ പേരു പറയാതെ എളമരം കരീം വിമർശനമുന്നയിച്ചത്.

സംഘപരിവാറിനു ഹിതകരമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയുണ്ടെന്ന് എളമരം കരീം പറഞ്ഞു. അയോധ്യ കേസില്‍ വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിച്ചതിന്റെ തൊട്ടടുത്ത മാസം രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തു. അതിന് തനിക്കു യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കു പുറമേയുള്ള യോഗ്യതയാണു തെളിയിച്ചതെന്നായിരുന്നു കരീമിന്റെ പരിഹാസം.

വിവാദ പരാമർശത്തിനു പിന്നാലെ എളമരം കരീമിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. ഇന്ത്യ കണ്ട ഏറ്റവും മഹത്തായ കായിക താരങ്ങളിൽ ഒരാളായ ഒളിംപ്യൻ പി.ടി.ഉഷയുടെ യോഗ്യത അളക്കാൻ ശ്രമിച്ചതു വഴി രാജ്യത്തിന്റെ കായികമേഖലയെയും രാജ്യത്തിന്റെ അഭിമാനത്തേയുമാണ് എളമരം കരീം എംപി അപമാനിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വിമർശിച്ചു. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി പി.ടി. ഉഷ രാജ്യത്തിനു നൽകുന്ന സംഭാവന വിലപ്പെട്ടതാണ്. പല രാജ്യാന്തര മത്സര വേദികളിലും ഇന്ത്യൻ ദേശീയപതാക വിജയക്കൊടിയായി പാറിച്ച രാജ്യത്തിന്റെ അഭിമാനമാണ് അവർ.
രാജ്യത്തിനു വേണ്ടി ഇത്രയേറെ നേട്ടങ്ങൾ കൈവരിച്ച പി.ടി.ഉഷയുടെ രാജ്യസഭാംഗത്വത്തെ അവഹേളിക്കാൻ രാജ്യദ്രോഹികൾക്ക് മാത്രമേ കഴിയൂ. കേവലം സങ്കുചിത രാഷ്ട്രീയത്തിന്റെ പേരിൽ കായിക പ്രതിഭയെ അപമാനിക്കുന്നത് ഒരു ജനപ്രതിനിധിക്കു ചേർന്നതല്ലെന്ന് കരീം മനസിലാക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.



































Discussion about this post