കണ്ണൂർ: ട്യൂഷന് പോയ ഒൻപത് വയസുകാരിയെ വാഹനത്തില്‍ കയറ്റി തട്ടികൊണ്ടു പോകാന്‍ ശ്രമം. വെള്ളൂര്‍ ബാങ്ക് – ചേനോത്ത് റോഡില്‍ കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.
പ്രത്യേകതരം ലൈറ്റുകള്‍ പിടിപ്പിച്ച വാഹനത്തിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. നീണ്ട താടിയും മീശയുംവളര്ത്തിയ രണ്ടു പേരില്‍ ഒരാള്‍ ഒമ്നി വാനിന്റെ മുന്‍ സീറ്റിലും മറ്റൊരാൾ പിന്‍സീറ്റിലുമായി ഇരിക്കുകയായിരുന്നു. രണ്ടുപേര്‍ സ്കൂട്ടിയിലായിരുന്നു എത്തിയത്.
ഇതിനിടയില്‍ അതുവഴിയെത്തിയ യാത്രക്കാരന് വിദ്യാര്‍ഥിനിയോടുള്ള സംഘത്തിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി. വിവരം തിരക്കിയപ്പോഴേക്കും സംഘം അമിതവേഗത്തില്‍ വാഹനങ്ങള്‍ ഓടിച്ചു പോവുകയായിരുന്നു.
സ്കൂട്ടിയിലുണ്ടായിരുന്ന രണ്ടു പേരില്‍ ഒരാള്‍ നന്നായി മലയാളം സംസാരിച്ചതായി വീട്ടിലെത്തിയ കുട്ടി അമ്മയോട് പറഞ്ഞു. മറ്റുമൂന്നുപേര്‍ അന്യഭാഷയാണ് സംസാരിച്ചത്. കുട്ടി വീട്ടില്പറഞ്ഞ വിവരം കേട്ട് രക്ഷിതാക്കള്‍ പരിസരവാസികളെ വിവരം അറിയിച്ചതോടെ പയ്യന്നൂര്‍ പോലീസിലും വിവരമെത്തി.
അന്വേഷണത്തിനായി എത്തിയ പോലീസ് സംഘം റോഡരികിലെ ചില വീടുകളിലും കെട്ടിടത്തിലും മറ്റും സ്ഥാപിച്ച നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നുവെങ്കിലും പ്രത്യേക ലൈറ്റുകള്‍ ഘടിപ്പിച്ച രീതിയിലുള്ള ഒമ്നി വാനിനെയോ സ്കൂട്ടിയെയോ കണ്ടെത്താന്‍ കഴിഞ്ഞില്ല.
എന്നാല്‍, ഇത്തരമൊരു നീല ഒമ്നി വാന്‍ രാവിലെ മുതല്‍ പ്രദേശത്ത് ചുറ്റി കറങ്ങുന്നത് കണ്ടിട്ടുണ്ടെന്ന വാദവുമായി പ്രദേശവാസികളായ ചിലര്‍ രംഗത്ത് വന്നതോടെ കുട്ടികളെ വീടിന് പുറത്തു വിടാനാകാതെ രക്ഷിതാക്കള്‍ ആശങ്കയിലാണ്.
Discussion about this post