പനാജി: കേരളത്തിൽ നിന്നും വിനോദയാത്ര പോയ ബസിന് തീപ്പിടിച്ചു. കണ്ണൂരിൽ നിന്നും വിദ്യാർത്ഥികൾ ഗോവയിലേയ്ക്ക് വിനോദയാത്ര പോയ ബസിനാണ് തീപിടിച്ചത്.
അപകടത്തിൽ ബസ് പൂർണമായും കത്തി നശിച്ചുവെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. കണ്ണൂര്‍ മാതമംഗലം ജെബീസ് കോളേജിലെ വിദ്യാർത്ഥികളാണ് അപകട സമയത്ത് ബസിൽ ഉണ്ടായിരുന്നത്.
പുലർച്ചെ അഞ്ചരയോടെ ഗോവയിലെ ഓള്‍ഡ് ബെന്‍സാരിയില്‍ വച്ചാണ് ബസിന് തീ പിടിച്ചത്. എങ്ങനെയാണ് തീ പിടിച്ചത് എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. എഞ്ചിനിൽ നിന്ന് പുക വരുന്നുവെന്ന് ആളുകൾ ഡ്രെെവറോട് പറഞ്ഞെങ്കിലും അദ്ദേഹം ഇത് ശ്രദ്ധിച്ചില്ല. തുടർന്ന് ബസ് കത്താൻ തുടങ്ങിയതോടെയാണ് ഡ്രെെവർ വാഹനം നിർത്തി യാത്രക്കാരെ ഒഴിപ്പിച്ചത്.
ഉടൻ തന്നെ ഫയർഫോഴ്‌സ് എത്തി തീയണച്ചു. ഓള്‍ഡ് ഗോവയില്‍ നിന്നും പോണ്ടയില്‍ നിന്നുമുള്ള രണ്ട് അഗ്‌നിശമന സേനാ യൂണിറ്റുകളാണ് തീയണയ്ക്കാൻ എത്തിച്ചേർന്നത്. ബസുടമയ്ക്ക് 40 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് ലഭിക്കുന്ന വിവരങ്ങൾ.
Discussion about this post