കണ്ണൂർ: കണ്ണൂരിലെ ലഹരിക്കടത്തിലെ പ്രധാന പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന. കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവതിയുടെ ബന്ധുവായ മരക്കാർകണ്ടി സ്വദേശി ജനീസും നിസാമുമാണ് സംഘത്തിലെ പ്രധാന പ്രതികളെന്നു പോലീസ് കണ്ടെത്തിയിരുന്നു. പ്രതികൾ ഇരുവരും ഒളിവിൽ പോയ സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇരുവരെയും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു. ഇന്നലെ ജനീസിന്റെ പടന്നപ്പാലത്തെ ഇന്റീരിയർ ഡക്കറേഷൻ സ്ഥാപനത്തിൽനിന്ന് വൻ തോതിലുള്ള ലഹരി ഗുളികകൾ പോലീസ് കണ്ടെടുത്തു.3.4 ഗ്രാം വരുന്ന 207 എൽഎസ്ഡി സ്റ്റാമ്പ്, 39 ഗ്രാം വരുന്ന 90 ലഹരി ഗുളികകൾ, 18.5 ഗ്രാം ബ്രൗൺ ഷുഗർ എന്നിവയാണ് പോലീസ് കണ്ടെടുത്തത്.
‘’
ബംഗളൂരുവിൽനിന്ന് എത്തുന്ന ലഹരി ഗുളികൾ പായ്ക്കറ്റുകളിലാക്കി ഇടപാടുകാർക്ക് എത്തിക്കുന്നത് ഇവിടെനിന്നാണെന്ന് പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ജനീസിന്റെ സിറ്റിയിലെ വീട്ടിലും ഇന്നലെ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ലഹരിമരുന്നുകൾ ഗുളിക രൂപത്തിലാക്കിയതാണെന്ന് പോലീസ് പറഞ്ഞു. ഇന്റീരിയർ ഡെക്കറേഷൻ നടത്താനെന്ന പേരിലാണ് ജനീസ് സ്ഥാപനം വാടകക്കെടുത്തത്. വാടക കരാർ ആക്കിയിട്ട് രണ്ടാഴ്ചയേ ആയുള്ളു. ഇവരുടെ സംഘം നേരത്തെ ലഹരിക്കടത്ത് നടത്തുന്നുണ്ടെന്ന വിവരം പോലീസിനു ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് കോയ്യോട് തൈവളപ്പിൽ അഫ്സൽ (37), ഭാര്യ കാപ്പാട് സ്വദേശിനി ബൾക്കീസ് (28) എന്നിവരെ കോടികൾ വില വരുന്ന ലഹരി മരുന്നുമായി പോലീസ് അറസ്റ്റ് ചെയ്തത്.
ബന്ധുക്കളായ നിസാമും ജുനൈസുമാണ് പ്രധാന പ്രതികളെന്നു പോലീസ് കണ്ടെത്തിയിരുന്നു.വിപണിയിൽ രണ്ടു മുതൽ ആറുകോടിവരെ വിലമതിക്കുന്നതാണ് പിടിയിലായ മയക്കുമരുന്ന്. രണ്ട് മാസം മുന്പ് എടക്കാട് സ്റ്റേഷൻ പരിധിയിൽ എംഡിഎംഎ റോഡിൽ ഉപേക്ഷിച്ചു കടന്നതു ബൾക്കീസും ഭർത്താവ് അഫ്സലുമാണെന്നു പോലീസ് ചോദ്യം ചെയ്യലിൽ ഇരുവരും സമ്മതിച്ചിട്ടുണ്ട്.
Discussion about this post