കാസര്‍ഗോഡ് : ബസ് യാത്രക്കിടെ അപമര്യദയായി പെരുമാറിയ ആളെ വിദ്യാര്‍ത്ഥിനി ഓടിച്ചിട്ട് പിടികൂടി. കരിവെള്ളൂര്‍ സ്വദേശിനി ആരതിയാണ് ബസില്‍വെച്ച് അപമര്യാദയായി പെരുമാറിയ മണിയാട്ട് സ്വദേശി രാജുവിനെ ഓടിച്ചിട്ട് പിടികൂടി പൊലീസില്‍ ഏൽപിച്ചത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാടേക്ക് പോകുന്നതിനിടയിലാണ് സംഭവം നടന്നത്. കരിവെള്ളൂരില്‍ നിന്നും കാഞ്ഞങ്ങാടേക്ക് ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ രാജു ആരതിയോട് മോശമായി പെരുമാറുകയായിരുന്നു.
തിരക്കിനിടയില്‍ പുറകില്‍ നിന്നിരുന്ന രാജുവിന്റെ പെരുമാറ്റത്തില്‍ അസ്വസ്ഥത തോന്നിയ ആരതി രാജുവിനോട് മാറി നില്ക്കാന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ അതിന് തയാറായില്ല. ഇതിനിടയില്‍ പിങ്ക് പൊലീസിനെ ബന്ധപ്പെടാനും ആരതി ശ്രമിച്ചു. അതേസമയം ബസ് കാഞ്ഞങ്ങാട് എത്തിയപ്പോള്‍ രാജു ബസില്‍ നിന്നും ഇറങ്ങി ഓടി. പുറകെ ഇറങ്ങിയ ആരതിയും രാജുവിന് പിന്നാലെ ഓടി. രക്ഷപെടാനായി കടയില്‍ കയറി നിന്ന രാജുവിനെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്. തുടര്‍ന്ന് പൊലീസിനെ വിളിച്ച് വരുത്തിതി കൈമാറുകയായിരുന്നു.
Discussion about this post