തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഗവര്‍ണർ പദവിയിലിരിക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോപിച്ചു. ഭരണഘടനാ ബാധ്യതയെന്തെന്ന് ഓര്‍ക്കാൻ ശ്രമിക്കാത്ത അദ്ദേഹം രാവിലെയും വൈകുന്നേരവും മാധ്യമങ്ങളെ കാണുന്നതിനാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. സജീവ രാഷ്ട്രീയ പ്രവർത്തകനായിരുന്ന അദ്ദേഹം പലപ്പോഴും ഗവർണറാണെന്നു ചിന്തിക്കാതെയാണ് പെരുമാറുന്നത്.
ഗവര്‍ണറുടേത് തികഞ്ഞ ബ്ലാക്മെയില്‍ രാഷ്ട്രീയമാണ്. നയപ്രഖ്യാപനത്തില്‍ ഭേദഗതി നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് ആരാണ് അധികാരം നൽകിയത്. നാലാംകിട വിലപേശല്‍ മാത്രമാണ് അദ്ദേഹം നടത്തുന്നത്. ഗവര്‍ണര്‍ക്ക് വഴങ്ങിയതുകൊണ്ട് സര്‍ക്കാരിന് രണ്ടുതരം നഷ്ടമുണ്ടായി. രാഷ്ട്രീയമായി അദ്ദേഹത്തിന്റെ കള്ളക്കളികൾ തുറന്നുകാട്ടാനുള്ള അവസരം നഷ്ടപ്പെട്ടു.നിരപരാധിയായ ഒരു ഉദ്യോഗസ്ഥനെ ബലി കൊടുക്കേണ്ടതായി വന്നു.
ലോകായുക്ത ഓര്‍ഡിനന്‍സിൽ സിപിഐ മന്ത്രിമാര്ക്കുണ്ടായത് സ്വാഭാവിക ജാഗ്രതക്കുറവ് മാത്രമാണ്. സില്‍വര്‍ലൈന്‍ പദ്ധതി വേണം. ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. സിപിഐ തിരുത്തല്‍ ശക്തിയല്ല. മുഖ്യമന്ത്രി ഗവർണറെ കാണാൻ പോയത് രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയല്ലെന്നും കാനം പറഞ്ഞു.
Discussion about this post