തിരുവനന്തപുരം: 31 പേരുടെ മരണത്തിനിടയാക്കിയ കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ 21 വര്‍ഷത്തിനുശേഷം അവസാനപ്രതിയും ജയില്‍മോചിതനായി. ദുരന്തത്തിന്റെ ആസൂത്രകനായ ചിറയിന്‍കീഴ് ഉഷസ്സില്‍ ചന്ദ്രന് എന്ന മണിച്ചനാണ് ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നാണ് മണിച്ചന്റെ മോചനം. മകന് അടക്കമുള്ള ബന്ധുക്കളും മറ്റും സ്വീകരിക്കാനെത്തിയിരുന്നു.
കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസ് പരിഗണിച്ച കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേയും ആറ്റിങ്ങല്‍ ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേയും വിധികളുടെ അടിസ്ഥാനത്തില്‍ മണിച്ചന് 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അടിയന്തരമായി മോചിപ്പിക്കാന്‍ കോടതി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇപ്പോള്‍ മണിച്ചന്റെ മോചനം.
വൈപ്പിന്‍ മദ്യദുരന്തത്തിനുശേഷം കേരളത്തെ ഞെട്ടിച്ച കല്ലുവാതുക്കല്‍ മദ്യദുരന്തം 2000 ഒക്ടോബറിലാണുണ്ടായത്. മണിച്ചന് നല്കിയ ചാരായം വില്‍പ്പനനടത്തിയ കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി ഹയറുന്നീസ എന്ന താത്തയാണ് കേസിലെ മറ്റൊരു പ്രധാനപ്രതി. ദുരന്തത്തില്‍ 31 പേര് മരിച്ചു. ആറുപേര്‍ക്ക് കാഴ്ച നഷ്ടമായി.
Discussion about this post