നന്തി: മൂടാടി ഗ്രാമപഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹൈസ്കൂളിന് ഇത്തവണയും നൂറുമേനി. നന്തി കടലൂർ വന്മുഖം ഗവ. ഹൈസ്കൂളാണ് തുടർച്ചയായ എട്ടാം വർഷവും പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിച്ച് നാടിൻ്റെ അഭിമാനമായി മാറിയത്. പരീക്ഷയെഴുതിയ 77 വിദ്യാർഥികളിൽ 4 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്സും രണ്ടു പേർക്ക് 9 എ പ്ലസ്സും ലഭിച്ചു.

ഹൈസ്കൂൾ പദവി ലഭിക്കുന്നതിന് എതിരായി പ്രദേശത്തെ മാനേജ്മെന്റ് സ്കൂൾ കേസ് കൊടുത്തപ്പോൾ പ്രദേശത്തെ ജനങ്ങൾ ഒറ്റക്കെട്ടായി പണം സ്വരൂപിച്ച് കേസ് നടത്തി ഹൈസ്കൂൾ നേടിയെടുത്തത് വെറുതെയായില്ലെന്ന് തെളിയിക്കുന്നതാണ് പിന്നീടിങ്ങോട്ടുള്ള വിജയക്കണക്കുകൾ. പൊരുതി നേടിയ ഹൈസ്കൂൾ പദവിയിലൂടെ മൂടാടിയുടെ സ്വകാര്യ അഹങ്കാരമായി മാറുകയാണ് ഇന്ന് കടലൂർ -വന്മുകം ഗവ. ഹൈസ്കൂൾ.

സ്കൂളിലെ ക്ലാസ് റൂമുകൾ ഹൈടെക്ക് ആയതോടൊപ്പം തന്നെ അക്കാദമിക്ക് നിലവാവും ഉയരത്തിലാണ്. പ്രൈമറി വിഭാഗത്തിൽ ഈ അധ്യയന വർഷം 6 അധിക ഡിവിഷനുകൾക്കുള്ള വിദ്യാർത്ഥികൾ വർധിച്ചത് അക്കാദമിക് നിലവാരം ഉയർന്നതിന്റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്.

സ്കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി തുടങ്ങിയ ക്ലബ്ബുകൾക്ക് പുറമെ എസ് പി സി യൂണിറ്റും, പന്തലായനി ബ്ലോക്കിന് കീഴിലെ ഹൈടെക്ക് ഐ ഇ ഡി ക്ലാസ് മുറിയും ഈ സ്കൂളിന്റെ സവിശേഷതയാണ്.

നഴ്സറി ക്ലാസ് റൂമുകൾ ഹൈട്ടെക്കാക്കി ഉയർത്താനും നഴ്സറി കുട്ടികൾക്കായുള്ള പുന്തോട്ടം ഒരുക്കുന്നതിനുമായുള്ള പ്രവർത്തി ഉടനാരംഭിക്കും. സ്പോർട്സ് കൗൺസിലിന്റെ അംഗീകാരത്തോടെ ഫുട്ബോൾ ഗ്രൗണ്ട് നിർമാണവും വൈകാതെ തന്നെ ഈ സ്കൂളിന് സ്വന്തമാവും.

മൂടാടി ഗ്രാമപഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂൾ അന്താരഷ്ട്ര നിലവാരത്തിലേക്ക് ഉയരുമ്പോൾ എസ് എസ് എൽ സി യിലെ 100% വിജയം, സ്കൂളിൻ്റെ വിജയകിരീടത്തിലെ മറ്റൊരു പൊൻ തൂവലായി മാറുകയാണ്.


Discussion about this post