കാസര്‍കോട്: ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ ഒരു വിഭാഗം ബ്ലാക്ക്മെയിൽ ചെയ്യുന്നതിൽ ബിജെപി നേതൃത്വത്തിനെതിരെ കടുത്ത ആരോപണം. കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പുമായുള്ള വിഷയത്തില്‍ അന്നത്തെ സംസ്ഥാന സമിതി അംഗം സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ പ്രസിഡന്റായിരുന്ന കെ ശ്രീകാന്ത്, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റായിരുന്ന മണികണ്ഠൻ എന്നിവര്‍ക്കെതിരെ അച്ചടക്കനടപടി എടുക്കണമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അടുത്തിടെ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ച നഗരസഭ കൗണ്‍സിലര്‍ പി രമേശന്റെ നേതൃത്വത്തിലായിരുന്നു വാര്‍ത്താസമ്മേളനം. പലതവണ ആവശ്യപ്പെട്ടിട്ടും ഇവര്‍ക്കെതിരെ നടപടിയുണ്ടായില്ല. പാര്‍ട്ടി സംരക്ഷിക്കുകയാണ് ചെയ്തത്. കെ സുരേന്ദ്രനെ ഇവര്‍ ബ്ലാക് മെയില്‍ ചെയ്യുന്നുണ്ടോയെന്ന് സംശയിക്കുന്നതായും പി രമേശ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒമ്പതിന് നടപടി ഉണ്ടാവുമെന്ന് കെ സുരേന്ദ്രന് പറഞ്ഞിരുന്നു, അതുണ്ടായില്ല. ഇപ്പോഴത്തെ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത് ജ്യോതിഷിന്റെ മരണമാണെന്നും നേതാക്കള്‍ പറഞ്ഞു.
അവിശുദ്ധ കൂട്ട് കെട്ടിലൂടെ ലഭിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ നിന്ന് രാജിവെക്കാനുള്ള തീരുമാനം അംഗീകരിക്കുന്നു. ഇത് തെറ്റ് സമ്മതിച്ചത് പോലെയാണ്. കുമ്പള ഗ്രാമപഞ്ചായതിലെ ബിജെപി അംഗങ്ങള്‍ പറഞ്ഞത്, സംസ്ഥാന കമിറ്റി അംഗം സുരേഷ് കുമാര്‍ ഷെട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാന്‍ഡിങ് കമിറ്റി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതെന്നാണ്. ഇത് കൂടിയാലോചനകളില്ലാതെ നടക്കില്ല. ആരൊക്കെ പങ്കെടുത്തുവെന്ന് അന്വേഷണം വേണം. യുഡിഎഫ്, എല്‍ഡിഎഫ് കക്ഷികളുമായി ബന്ധം പാടില്ലെന്ന സര്‍ക്കുലര്‍ നിലനില്‍ക്കെ അച്ചടക്കം ലംഘിച്ചവര്ക്കെതിരേ നടപടി വേണം. ഇവര്‍ക്കെതിരെ നടപടി വേണമെന്നത് ജ്യോതിഷിന്റെ ആഗ്രഹമായിരുന്നു.
ഒരു വര്‍ഷവും മൂന്ന് മാസവുമായി വിഷയം ഉന്നയിച്ച് പഞ്ചായത് മുതല്‍ സംസ്ഥാന കമിറ്റി വരെ നിവേദനങ്ങള്‍ നല്കി. ഈ മാസം 15ന് വൈകീട്ട് അഞ്ച് മണിക്ക് തീരുമാനം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് 10 ന് ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. കെ സുരേന്ദ്രന് വരുമെന്ന പ്രതീക്ഷയില്‍ വിഷയം സംസാരിക്കാന്‍ എത്തിയവര്‍, സുരേന്ദ്രന് അവസാനം പരിപാടി ഒഴിവാക്കിയത് മൂലമുണ്ടായ വൈകാരിക പ്രതികരണമാണ് ജില്ലാ കമ്മിറ്റി ഓഫീസിലുണ്ടായ പ്രതിഷേധം. ഇന്നും തങ്ങള്‍ പാര്‍ട്ടിയുടെ ഉറച്ച പ്രവര്‍ത്തകരാണ്. നേതാക്കള്‍ തോന്നിവാസങ്ങള്‍ നിര്‍ത്തി പാര്‍ട്ടിയെ മുന്നോട്ട് നയിക്കണം.
കാസര്‍കോട് മണ്ഡലം സെക്രട്ടറി കെ ശങ്കര്‍, മുന്‍ ജില്ലാ കമ്മിറ്റിയംഗം കെ വിനോദന്‍, നവീന്‍, ലോകേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post