തൊടുപുഴ: കെ സുധാകരനെതിരായ പ്രകോപന പ്രസംഗത്തെ ന്യായീകരിച്ചും പറഞ്ഞതില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. കെ സുധാകരന്‍ പറഞ്ഞതിന് മറുപടിയായാണ് തൻ്റെ പ്രസംഗം.
അങ്ങേയറ്റം പ്രകോപനമുണ്ടാക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് യോഗം നടത്തിയത്. തങ്ങള്‍ അതിന് ആത്മസംയമനം പാലിക്കുകയായിരുന്നു. ധീരജിന്‍റെ കൊലപാതകത്തിന്‍റെ 52-ാമത്തെ ദിവസമാണ്, ധീരജിന്‍റെ കൊലപാകതവുമായി ബന്ധപ്പെട്ട് ജയിലില്‍ കിടക്കുന്നവര്‍ നിരപരാധികളാണെന്ന് പറഞ്ഞത്. ഒരു ഘട്ടത്തില്‍ അവര്‍ ഇരന്നുവാങ്ങിയതാണെന്നും അഭിപ്രായപ്പെട്ടിരുന്നു.
അവരെ കൊണ്ടുവന്ന് മാര്‍ക്സിസ്റ്റുകാരുടെ നെഞ്ചത്തുകൂടെ നടത്തുമെന്നും സുധാകരന്‍ പ്രസംഗിച്ചു. അത്തരമൊരു പരാമര്‍ശം നടത്തേണ്ടതുണ്ടായിരുന്നോ എന്ന് അദ്ദേഹമാണ് ചിന്തിക്കേണ്ടത്. കോണ്‍ഗ്രസില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ ഒട്ടേറെ ആളുകള്‍ സിപിഎമ്മിലേക്ക് വന്നിട്ടുണ്ട്. ഇത്തരത്തില്‍ പാര്‍ട്ടിയിലേക്ക് വന്ന ഒരു സ്ത്രീയോട് രണ്ടു കാലില്‍ നടക്കില്ലെന്ന് പറഞ്ഞു.
ആ സന്ദര്‍ഭത്തിന് അനുസൃതമായ ഒരു പരാമര്‍ശമാണ് താന്‍ നടത്തിയത്. സുധാകരന്‍ പറഞ്ഞതിന് മറുപടി നല്‍കുകമാത്രമാണ് ചെയ്തത്. അനാവശ്യമായി ഒരു കാര്യവും കൂട്ടിചേര്‍ത്തിട്ടില്ല. പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും സി വി വര്‍ഗീസ് പറഞ്ഞു. ഏറ്റവും മാന്യമായിട്ടാണ് പറഞ്ഞത്. സഭ്യമല്ലാത്ത ഒന്നും പറഞ്ഞിട്ടില്ലെന്നും സിവി വര്‍ഗീസ് വ്യക്തമാക്കി.
ജില്ലാ സെക്രട്ടറി സുധാകരന്‍ പറഞ്ഞതിന് അതേതരത്തില്‍ മറുപടി പറയുക മാത്രമാണ് ചെയ്തതെന്നാണ് മുന്‍ജില്ലാ സെക്രട്ടറിയും മുന്‍ മന്ത്രിയും കൂടിയായ എംഎം മണിയുടെ പ്രതികരണം. അല്ലാതെ അതില്‍ വേറെ കാര്യമൊന്നുമില്ല. ഞങ്ങളുടെയെല്ലാം പേരു പറഞ്ഞാണ് സുധാകരന്‍ ആക്ഷേപിച്ചത്. ഞങ്ങള്‍ അത്രയൊന്നും പറഞ്ഞില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
ഇടുക്കി ചെറുതോണിയില്‍ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ ആയിരുന്നു സിവി വര്‍ഗീസിന്റെ വിവാദ പരാമര്‍ശം. സിപിഎം എന്ന പാര്‍ട്ടിയുടെ കരുത്തിനെ സംബന്ധിച്ച് സുധാകരന് ധാരണയുണ്ടാകണം. പിന്നെ പ്രിയപ്പെട്ട കോണ്‍ഗ്രസുകാര് പറയുന്നതെന്താ, കണ്ണൂരില്‍ ഏതാണ്ട് വലിയത് നടത്തി. പ്രിയപ്പെട്ട ഇടുക്കിയിലെ കോണ്‍ഗ്രസുകാരാ നിങ്ങള്‍ കരുതിക്കോ, സുധാകരനെന്ന ഭിക്ഷാംദേഹിക്ക് ഞങ്ങള്‍, സിപിഎം നല്‍കിയ ദാനമാണ്, ഭിക്ഷയാണ് സുധാകരന്റെ ജീവന്‍. ഇതിലൊരു തര്‍ക്കവും വേണ്ട. ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ടാണെന്നായിരുന്നു പ്രസംഗം.
Discussion about this post