ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ കെ റെയിൽ സിൽവർ ലൈൻ പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി ബി ജെ പി പ്രതിനിധി സംഘം. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, ഇ ശ്രീധരൻ, മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ എന്നിവരടങ്ങിയ സംഘമാണ് റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
കെ റെയിൽ പദ്ധതി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്ന് സംഘം അറിയിച്ചു. മാത്രമല്ല പദ്ധതി പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കും. ഖജനാവ് കാലിയാകുന്നതിന് പദ്ധതി കാരണമാകുമെന്നും സംഘം വാദിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക പോരായ്മകൾ ഇ ശ്രീധരൻ വിശദീകരിച്ചു. ഏകദേശം 20 മിനിട്ടോളം കൂടിക്കാഴ്ച നീണ്ടു. തുടർന്ന് മാദ്ധ്യമങ്ങളെ കാണുമെന്ന് പ്രതിനിധി സംഘം അറിയിച്ചു.
കേരളം സമർപ്പിച്ച ഡിപിആർ പൂർണമല്ലെന്ന് ചൂണ്ടിക്കാട്ടി പദ്ധതിയ്ക്ക് ഉടൻ അനുമതി നൽകാനാവില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം അറിയിച്ചിരുന്നു. സാങ്കേതികമായും, സാമ്പത്തികമായും പ്രായോഗികമാണോ എന്ന് ഡിപിആറിൽ വ്യക്തമാക്കുന്നില്ല. പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും ഈ സാഹചര്യം കണക്കിലെടുത്ത് സിൽവർ ലൈനിന് ഉടൻ അനുമതി നൽകാനാവില്ലെന്നും കേന്ദ്രം അറിയിക്കുകയായിരുന്നു. കേരളത്തിൽ നിന്നുള്ള എം പിമാരായ എൻ കെ പ്രേമചന്ദ്രനും കെ മുരളീധരനും ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യം കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കിയത്. ടെക്നിക്കൽ ഫീസിബിലിറ്റി റിപ്പോർട്ട് ഡി പി ആറിൽ ഇല്ല. ഏറ്റെടുക്കേണ്ട ഭൂമിയുടെ കണക്ക് കാണിച്ചിട്ടില്ല. ഇതൊക്കെ പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളൂവെന്നും റെയിവേ മന്ത്രാലയം അറിയിച്ചിരുന്നു.
Discussion about this post