കോഴിക്കോട്: ജനങ്ങളെ വിശ്വാസത്തില്‍ എടുക്കാതെയും മതിയായ പഠനങ്ങള്‍ നടത്താതെയും ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കെ റെയില്‍ ജനവിരുദ്ധമാണെന്നും പദ്ധതി നടപ്പിലാക്കുന്നതിലുള്ള സി പി എം -ബി ജെ പി ഒത്തുകളി ജനങ്ങള്‍ തിരിച്ചറിയണമെന്നും എസ് ഡി പി ഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി. സര്‍വേയുടെ പേരില്‍ പോലിസ് നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണം. സര്‍വേ തല്‍ക്കാലം നിര്‍ത്തിവച്ചത് ജനങ്ങളുുടെ കണ്ണില്‍പോടിയിടാനുള്ള നീക്കമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ ജനവിരുദ്ധ നീക്കത്തിനെതിരേ മാര്‍ച്ച് 30ന് കോഴിക്കോട് കലക്ട്രേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്യും. കെ എസ് ഹരിഹരന്‍, എന്‍ പി ചെക്കുട്ടി, റസാഖ് പാലേരി, എ വാസു, ടി ടി ഇസ്മായില്‍, കാട്ടില്‍ പീടിക സത്യഗ്രഹ സമിതി ചെയര്‍മാന്‍ നസീര്‍ ന്യൂജല്ല എന്നിവര്‍ സംസാരിക്കും.

സാധ്യതാ പഠനത്തില്‍ പോലും കൃത്രിമം കാണിച്ചാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടും കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. പദ്ധതിയെ കുറിച്ച്കെ റെയില്‍ ഉദ്യോഗസ്ഥരും മന്ത്രിമാരും ഇടതുപക്ഷ നേതാക്കന്‍മാരും തികച്ചും വ്യത്യസ്ഥമായ കാര്യങ്ങളാണ് ജനങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ച് മൗനം പാലിക്കുകയാണ് സര്‍ക്കാര്‍. പലവിധത്തിലുള്ള നികുതി വര്‍ധനയിലൂടെ അധിക വരുമാനം കണ്ടെത്താനുള്ള സര്‍ക്കാര്‍ ശ്രമം ജനജീവിതം ദുസ്സഹമാക്കുന്ന സാഹചര്യം ഒരുവശത്ത് നിലനില്‍ക്കെയാണ് കോടിക്കണക്കിന് രൂപ കടമെടുത്ത് കെ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നീക്കംനടത്തുന്നത്. കെ റെയിലിന്റെ ആകെയുള്ള നേട്ടമായി മുഖ്യമന്ത്രി പറയുന്നത് സമയലാഭമാണ്. ഇതിന് മറ്റ് വഴികളുണ്ടെന്നിരിക്കേ മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണം.
കെറെയിലിന് അനധികൃതമായി കല്ലിടാനുള്ള നീക്കത്തിനെതിരേ സമരം ചെയ്യുമ്പോള്‍ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു ജനാധിപത്യ സര്‍ക്കാറിന് യോജിക്കാത്ത നിലപാടുകളാണ് ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. എന്ത് എതിര്‍പ്പുണ്ടായാലും പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസിലൊതുങ്ങാതെ നോക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ധാര്‍ഷ്ഠ്യത്തിന്റെതാണ്. ഇത് ജനാധിപത്യത്തിന്റെ സ്വരമല്ല. ഇത്തരം നീക്കങ്ങള്‍ക്കെതിരേ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ പ്രതിഷേധം സംഘടിപ്പിക്കും. പാര്‍ട്ടി വികസനത്തിന് എതിരല്ല. എന്നാല്‍ രാജ്യത്തെ സാധാരണക്കാരെ കൂടി പരിഗണിക്കുന്നതാവണം വികസനം. 30 ശതമാനം മാത്രം സര്‍ക്കാര്‍ പങ്കാളിത്തമുള്ള കെ റെയില്‍ കുത്തകമുതലാളിമാര്‍ക്കുള്ള പദ്ധതി മാത്രമാണ്. വികസനത്തെ മുതലാളിമാര്‍ക്കുള്ള പദ്ധതിയാക്കി ചുരുക്കിക്കെട്ടുന്ന സര്‍ക്കാര്‍ നയമാണ് പ്രശ്‌നം. കെ റെയിലിന്റെ പേരില്‍ ജനങ്ങളെ വേട്ടയാടുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്നും എസ് ഡി പി ഐ ആവശ്യപ്പെട്ടു.
എന്‍ കെ റഷീദ് ഉമരി (ജില്ലാ ജനറല്‍ സെക്രട്ടറി), കെ ഷെമീര്‍ (സെക്രട്ടറി), നിസാം പുത്തൂര്‍ (സെക്രട്ടറി), ജുഗല്‍ പ്രകാശ് (ജില്ലാ സമിതി അംഗം) വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Discussion about this post