തിരുവനന്തപുരം: കഴക്കൂട്ടത്ത് കെ റെയിൽ സമരക്കാരനെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ സി പി ഒക്കെതിരെ അന്വേഷണ റിപ്പോർട്ട്. ചവിട്ടേണ്ട സാഹചര്യമില്ലായിരുന്നെന്ന് സ്പെഷ്യൽ ബ്രാഞ്ച് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി. റൂറൽ എസ്.പി ദിവ്യഗോപിനാഥിന്റെ ഉത്തരവനുസരിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സ്റ്രുവർട്ട് കീലറാണ് അന്വേഷണം നടത്തിയത്. മംഗലപുരം സ്റ്രേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ഷബീറാണ് സമരക്കാരനെ ചവിട്ടി വീഴ്ത്തിയത്. ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്യാൻ സാദ്ധ്യതയുണ്ട്. സംഘർഷ സാദ്ധ്യതയുണ്ടായിട്ടും പൊലീസ് വേണ്ടത്ര മുന്നൊരുക്കം നടത്തിയില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ.
അതേസമയം കെ റെയിലിനെതിരായ പൊതുജന പ്രതിഷേധത്തെ പോലീസ് നേരിട്ടത് അതിക്രൂരമായിട്ടാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി അംഗം ജെ എസ് അഖിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും, പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാനും പരാതി നൽകി. വനിതാ പോലീസ് ഇല്ലാതിരുന്നിട്ടുകൂടി സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ മംഗലപുരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്നത് മനുഷ്യാവകാശ ലംഘനം കൂടിയാണ് എന്ന് പരാതിയിൽ പറയുന്നു.
ഇന്നലെയാണ് സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കഴക്കൂട്ടത്തിനടുത്ത് കണിയാപുരം കരിച്ചാറയിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരും കോൺഗ്രസിന്റെ നേതൃത്വത്തിൽ കെ-റെയിൽ വിരുദ്ധ സമരസമിതി പ്രവർത്തകരും സംഘടിച്ചെത്തി തടഞ്ഞത്. ഇതോടെ പൊലീസ് നിയന്ത്രണംവിട്ട് അഴിഞ്ഞാടുകായിരുന്നു. സമരക്കാരുടെ ഇടുപ്പിലും വയറ്റിലും ബൂട്ടിട്ടു ചവുട്ടി. കണ്ണിൽകണ്ടവരെയെല്ലാം തല്ലി. സാരമായി മർദ്ദനമേറ്റ കോൺഗ്രസ് പ്രവർത്തകൻ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപം കുഴിവിള വീട്ടിൽ ജോയി (46), ശരീരമാസകലം അടിയേറ്റ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപം ശ്രീപാദം വീട്ടിൽ എസ്.കെ. സുജി (35) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോയി ഗുരുതരാവസ്ഥയിലാണ്.
മംഗലപുരം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ഷബീറാണ് ജോയിയെ ചവിട്ടി വീഴ്ത്തിയത്. ബോധരഹിതനായിട്ടും മർദ്ദനം തുടർന്നു. വിലക്കിയിട്ടും ഷബീർ മർദ്ദനം തുടർന്നെന്നാണ് പ്രദേശവാസികൾ പറഞ്ഞത്. കല്ലിടാനെത്തിയ ഉദ്യോഗസ്ഥർക്ക് സുരക്ഷ ഉറപ്പാക്കുക മാത്രമാണ് തങ്ങൾ ചെയ്‌തതെന്നാണ് മംഗലപുരം പൊലീസ് പറയുന്നത്. പ്രതിഷേധക്കാർക്കെതിരെ കേസുമെടുത്തു
Discussion about this post