തിരുവനന്തപുരം: എൽ ഡി എഫിന്റെ ഭരണക്കാലത്ത് കേരളത്തിൽ ഒന്നും നടത്താൻ സമ്മതിക്കില്ലെന്ന നിലപാടിന്റെ ഭാഗമായി നടക്കുന്ന സമരമാണിത്. ഇന്നലെ നടന്നത് അടികിട്ടേണ്ട തരത്തിലെ സമരമായിരുന്നു. എന്നാൽ പൊലീസ് സംയമനത്തോടെയാണ് സമരക്കാരെ നേരിട്ടത്. കെ റെയിൽ പ്രതിഷേധ സമരത്തെ രൂക്ഷമായി വിമർശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പദ്ധതിയുടെ പേരിൽ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും അതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും കോടിയേരി വ്യക്തമാക്കി.
കെ റെയിൽ സർവേ, ഡി പി ആർ, പാരിസ്ഥിതിക ആഘാത പഠനം എന്നിവയ്ക്ക് കേന്ദ്രത്തിന്റെയും സുപ്രീം കോടതിയുടെയും അനുമതിയുണ്ട്. ഇപ്പോൾ നടക്കുന്നത് ഹൈക്കോടതി വിധിക്കെതിരായുള്ള സമരമാണ്. ഭൂമി നഷ്ടപ്പെടുന്നവർ ഭയക്കേണ്ടതില്ല. അർഹതപ്പെട്ട നഷ്ടപരിഹാരം നൽകിയതിന് ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂവെന്നും കോടിയേരി വ്യക്തമാക്കി.
രണ്ടാം വിമോചന സമരത്തിനാണ് കോൺഗ്രസ് കോപ്പ് കൂട്ടുന്നതെന്ന ആരോപണം കോടിയേരി മുൻപും ഉന്നയിച്ചിരുന്നു. ചങ്ങനാശേരി ലക്ഷ്യം വച്ചാണ് വീണ്ടുമൊരു വിമോചന സമരത്തിനുള്ള ഒരുക്കങ്ങൾ തയ്യാറാക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം 1957-59 കാലമല്ല ഇതെന്നും പ്രതികരിച്ചു.
Discussion about this post