കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന കൊയിലാണ്ടി മണ്ഡലത്തിൽ മുൻ എം.എൽ.എ കെ.ദാസൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ എ.കെ.ജി സെൻ്ററിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.
പത്തുവർഷം കൊയിലാണ്ടി എം.എൽ.എ എന്ന നിലയിൽ കൊയിലാണ്ടിക്കാരുടെ പ്രീതി പിടിച്ചുപറ്റിയ ജനകീയനായ നേതാവ് എന്ന രീതിയിൽ മണ്ഡലത്തിലെ വിജയ സാധ്യത പരിഗണിച്ചാണ് കെ.ദാസനെ സ്ഥാനാർത്ഥിയാക്കുന്നത്.
രണ്ട് തവണ കൊയിലാണ്ടിയുടെ നഗരസഭാ ചെയർമാൻ, എം.എൽ.എ എന്നീ നിലകളിൽ പ്രവർത്തിച്ച അനുഭവപരിചയമുള്ള കെ.ദാസൻ കൊയിലാണ്ടിയിലെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും ഏറെ പരിചിതനാണ്. 2011-2021 വരെയുളള കാലഘട്ടത്തിൽ കൊയിലാണ്ടിയുടെ എം.എൽ.എയായിരുന്നു അദ്ദേഹം.
കോരപ്പുഴ പാലം, കൊയിലാണ്ടി മേൽപ്പാലം, നവീകരിച്ച കൊല്ലം ചിറ, കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് അങ്ങനെ ഇന്ന് കൊയിലാണ്ടിയിലെ ഈ തരത്തിൽ മാറ്റിമറിച്ച പല വികസന പദ്ധതികളും കൊയിലാണ്ടിയിലേക്ക് കൊണ്ടുവന്ന എം.എൽ.എ കൂടിയാണ് അദ്ദേഹം.സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗം, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന അദ്ദേഹം ഇപ്പോഴും കൊയിലാണ്ടിയുടെ പൊതുപ്രവർത്തനരംഗത്ത് നിറസാന്നിധ്യമാണ്.
ഒരുകാലത്ത് കോൺഗ്രസിൻറെ കുത്തക മണ്ഡലമായിരുന്ന കൊയിലാണ്ടി കാൽനൂറ്റാണ്ടോളം ഇടതുപക്ഷത്തിനൊപ്പമാണ്. 1970 മുതൽ 91 വരെ കോൺഗ്രസിനൊപ്പം ശക്തമായി നിലയുറപ്പിച്ച മണ്ഡലം 1996ൽ പി.വിശ്വനിലൂടെയാണ് സി.പി.എം പിടിച്ചെടുക്കുന്നത്. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ് പി.ശങ്കരൻ മണ്ഡലം തിരിച്ചുപിടിച്ചെങ്കിലും അത് ഒരുടേമിനപ്പുറം നിന്നില്ല. 2006 മുതൽ കൊയിലാണ്ടി ഇടതുപക്ഷത്തിനൊപ്പം തുടരുകയാണ്.





































Discussion about this post