പയ്യോളി: നാലു പേരുടെ ദാരുണ മരണത്തിനും നിരവധി പേർക്ക് പരിക്കിനും കാരണമായ വാഹനാപകടം നടന്ന സ്ഥലത്ത സംയുക്ത സംഘം പരിശോധന നടത്തി. പോലീസ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ്, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്ത സംഘമാണ് സംഭവസ്ഥലത്ത് പരിശോധന നടത്തിയത്.
സംഭവം സംബന്ധിച്ച് കേരള പോലീസ് തിരുവനന്തപുരം ട്രാഫിക് സേഫ്റ്റി മാനേജ്മെൻ്റ് ഹെഡ്ക്വാർട്ടേഴ്സിന് റിപ്പോർട്ട് സമർപ്പിക്കേണ്ടതിനെ തുടർന്നാണ് സംഘം എത്തിയത്. ഇന്ന് വൈകീട്ട് 4.30 യോടെ സ്ഥലത്തെത്തിയ സംഘം ഒരു മണിക്കൂറോളം സമയത്തെ പരിശോധനയ്ക്കും ചർച്ചയ്ക്കും ശേഷം തിരിച്ചു പോയി.
വടകര പോലീസ് ഡി വൈ എസ് പി ആർ ഹരിപ്രസാദ്, പയ്യോളി പോലീസ് ഇൻസ്പെക്ടർ എ കെ സജീഷ്, എസ് ഐ വി പ്രകാശൻ, എം വി ഐ സനൽ എം മണപ്പള്ളി, എൻ എച്ച് എ ഐ എഞ്ചിനീയർ രാജ്പാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. റിപ്പോർട്ട് അടുത്ത ദിവസം സമർപ്പിക്കുമെന്ന് ഡി വൈ എസ് പി ആർ ഹരിപ്രസാദ് ‘പയ്യോളി വാർത്തകളോട്’ പറഞ്ഞു.
ഇക്കഴിഞ്ഞ 11 ന് ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
അഴിയൂർ സ്വദേശികൾ സഞ്ചരിച്ച കാറും കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകളടക്കം 4 പേർ മരിക്കുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കാറിലുണ്ടായിരുന്ന ചൊക്ലി ഒളവിലം കോടിയേരി സ്മാരക ഗവ. കോളജിനു സമീപം പറമ്പത്ത് നളിനി (62), അഴിയൂർ പാറേമ്മൽ ഷാരോൺ നിവാസിൽ രജനി എന്ന രഞ്ജിനി (50), മാഹി ഈച്ചി പെരുമുണ്ടേരി കണ്ണാട്ടിൽ മീത്തൽ റോജ (60), കാർ ഡ്രൈവർ അഴിയൂർ കോട്ടാമല കുന്നുമ്മൽ ‘സ്വപ്‌നം’ വീട്ടിൽ ഷിഗിൻ ലാൽ (45) എന്നിവരാണ് മരിച്ചത്.
വിവാഹ സത്കാരത്തിനായി അഴിയൂരിൽ നിന്നും കോവൂരിലേക്കുള്ള യാത്രയാണ് നാലു പേരുടെ അവസാന യാത്രയായത്.
Discussion about this post